കൊറോണ വൈറസിനെതിരെയുള്ള പേരാട്ടത്തില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയുമായി താരങ്ങളും എത്തിയിട്ടുണ്ട്. എല്ലാവിധ സഹായങ്ങള്‍ക്കും വിളിപ്പുറത്ത് താരങ്ങളുണ്ട്. തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ക്ക് ഒരു കൈ സഹായവുമായി നടന്‍ വിനു മോഹനും ഭാര്യയും നടിയുമായ വിദ്യയും രംഗത്തെത്തിയിരുന്നു.

 

തെരുവില്‍ ജീവിക്കുന്നവര്‍ക്ക് പുതുവസ്ത്രങ്ങള്‍ നല്‍കി മുടി വെട്ടി കുളിപ്പിച്ച്‌ പുതിയ മനുഷ്യരാക്കി എടുക്കുയായിരുന്നു താരങ്ങള്‍. ഇവര്‍ക്ക് ഭക്ഷണം നല്‍കാനും താരങ്ങള്‍ മറന്നില്ല. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വ്യക്തി ശുചിത്വം ഏറ്റവും നിര്‍ണ്ണായകമാണ്. അതിനാലാണ് തങ്ങള്‍ ഇങ്ങനെയൊരു പ്രവര്‍ത്തനത്തിന് തയ്യാറായതെന്ന് വിനു മോഹന്‍ പറഞ്ഞിരുന്നു.

 

ഇപ്പോഴിത വിനുവിനേയും ഭാര്യയേയും അഭിനന്ദിച്ച്‌ മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളില്‍ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയില്‍. അവര്‍ക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്‌, നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്‍കി, പുതിയ മനുഷ്യരാക്കി മാറ്റുവാന്‍ മുന്‍കൈയെടുത്ത് ഇറങ്ങിയ വിനു മോഹന്‍, ഭാര്യ വിദ്യ, മുരുഗന്‍, അദ്ദേഹത്തിന്റെ തെരുവോരം പ്രവര്‍ത്തകര്‍, എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളില്‍ നിന്ന് കണ്ടെത്താനായത്. അവര്‍ക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എന്‍്റെ പ്രിയ കൂട്ടുകാര്‍ക്ക് എല്ലാവിധ നന്മകളും നേരുന്നു- മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാല്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ താരം വിനു മോഹന്‍ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു താരം നന്ദി രേഖപ്പെടുത്തിയത്. ഒരുപാടു ഒരുപാടു നന്ദി ലാലേട്ടാ…ഏട്ടന്റെ ഈ വാക്കുകള്‍ ഇനിയും ഒരുപാടു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനവും ഊര്‍ജ്ജവും നല്‍കുന്നു .ഞങ്ങളുടെ എല്ലാവരുടെയും നന്ദിയും സന്തോഷവും -വിനു കുറിച്ചു.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ നന്ദി അറയിച്ച്‌ വിദ്യയും എത്തിയിട്ടുണ്ട്. ലാലേട്ടന്റെ നല്ല വാക്കുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള പ്രചോദവും ഊര്‍ജവും ആണെന്ന് നടി കുറിച്ചു.