രാജ്യത്ത് ആകമാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇല്ലാതിരുന്നെങ്കില്‍ ഇന്ത്യയില്‍ കൊറോണാവൈറസ് കേസുകള്‍ ഒരു ലക്ഷമെങ്കിലും എത്തിച്ചേരുമായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രം നിയോഗിച്ച 11 എംപവേര്‍ഡ് ഗ്രൂപ്പുകളില്‍ ഒന്നിന്റെ ചെയര്‍മാന്‍ ഡോ. വി.കെ പോളാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

കൊറോണ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള കൃത്യമായ തീരുമാനം ഉണ്ടായത്. ‘കൊവിഡ്19 കേസുകള്‍ ഇരട്ടിക്കുന്നതിന്റെ വേഗത കുറയ്ക്കാന്‍ അടച്ചുപൂട്ടല്‍ സഹായകമായെന്നാണ് ഞങ്ങളുടെ പരിശോധന വ്യക്തമാക്കുന്നത്, ജീവനുകള്‍ രക്ഷിക്കാനും കഴിഞ്ഞു. ലോക്ക്ഡൗണ്‍ തീരുമാനം കൃത്യസമയത്ത് കൈക്കൊണ്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇന്നുള്ള ഏകദേശം 23000 കേസുകള്‍ 73000 എത്തുമായിരുന്നു’, ഡോ. വി.കെ. പോള്‍ പറഞ്ഞു.

അടച്ചുപൂട്ടലിന്റെ സഹായത്തോടെ രോഗം ഇരട്ടിക്കുന്നത് 3.3 ദിവസത്തില്‍ നിന്നും 10 ദിവസത്തേക്ക് നീട്ടാന്‍ കഴിഞ്ഞെന്നും ഡോ. പോള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 10 ദിവസം കൊണ്ടാണ് ഇരട്ടിപ്പെന്നത് നല്ല സൂചനയാണ്. മാര്‍ച്ച്‌ 21ന് നമ്മുടെ ഇരട്ടിപ്പ് ഏകദേശം 3.3 ദിവസങ്ങളായിരുന്നു, അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ വന്നതോടെയാണ് രോഗം എളുപ്പത്തില്‍ പിടിപെടുമായിരുന്ന ജനസംഖ്യയെ രോഗം ബാധിച്ചവരില്‍ നിന്ന് അകറ്റിനിര്‍ത്തി കൊവിഡ്19 കേസുകളുടെ വളര്‍ച്ച കുറച്ച്‌ നിര്‍ത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജീത്ത് സിംഗ് വ്യക്തമാക്കി.