അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാരും സഹായികളും സത്യവാങ്മൂലവും തിരിച്ചറിയല്‍ രേഖകളും കൈയില്‍ കരുതണം. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവിമാര്‍ക്കും അയച്ച കത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം ആവശ്യപ്പെട്ടത്.

വാഹന ഉടമകള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണം. ഉന്നതതല ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം ചരക്ക് വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു സഹായിയുമാണ് ഉണ്ടാകേണ്ടത്.

എന്നാല്‍, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറികളില്‍ പലപ്പോഴും ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടാവുക. ഇത് മുതലെടുത്ത് രണ്ടാമത്തെ ഡ്രൈവറും സഹായിയുമെന്ന പേരില്‍ കേരളത്തിലേയ്ക്കും കേരളത്തില്‍ നിന്നും ആള്‍ക്കാരെ കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.