ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ തയ്യാറായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ശ്രദ്ധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഈ ഘട്ടത്തില്‍ ആക്രമണം നടത്താനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നാണ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്.

പാകിസ്ഥാനിലെ അധോലോക സംഘങ്ങളെയോ കള്ളക്കടത്ത് സംഘങ്ങളുടെ സഹായത്തോടെയോ പടിഞ്ഞാറന്‍ തീരത്തു കൂടി ആക്രമണം നടത്താനാണ് പാക് പദ്ധതിയെന്നാണ് മുന്നറിയിപ്പ്. സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖങ്ങള്‍ മുഖേന ഇന്ത്യന്‍ തീരത്തേക്ക് എത്താനാണ് പാക് നീക്കം.

ഇന്ത്യന്‍ തീരത്തുള്ള നാവിക സേനാ ആസ്തികളേയാകും പാക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യം വെക്കുന്നതെന്നാണ് മുന്നറിയിപ്പ്. സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖങ്ങള്‍ വഴി ഇന്ത്യന്‍ തീരത്തേക്ക് വളരെ പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കുമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണം. കള്ളക്കടത്തുകാരെ ഇതിനായി സഹായിക്കുന്നതിന് പുറമെ അവര്‍ക്ക് ഐഎസ്‌ഐ ആയുധ പരിശീലനവും നല്‍കുന്നുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഈയടുത്ത കാലത്ത് ഈ മേഖലയില്‍ നിന്ന് കള്ളക്കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനം വര്‍ധിക്കുന്നത് ഇന്ത്യന്‍ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങളില്‍ നിന്ന് പിടിക്കുന്ന ബോട്ടുകളില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് പറയുന്നു.

കശ്മീരിലേക്ക് കൊറോണ ബാധിച്ചവരെ പാകിസ്ഥാന്‍ കടത്തിവിടുന്നുവെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.