സാൽസ്ബർഗ്: യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ ദേവാലയങ്ങൾ വീണ്ടും തുറക്കാൻ അനുവദിക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി ഭരണകൂടം. അടുത്ത മാസം പകുതി മുതൽ ദേവാലയങ്ങൾക്കും റെസ്റ്റോറന്റുകൾക്കും ചില സ്കൂളുകൾക്കും തുറക്കാൻ അനുവാദം നൽകിയതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ കുർസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെത്തുടർന്നു ഓസ്ട്രിയൻ കത്തോലിക്കാ ബിഷപ്സ് കോൺഫറൻസിന്റെ സെക്രട്ടറി ജനറൽ ഫാ. പീറ്റർ ഷിപ്ക വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 15നു ദേവാലയങ്ങൾ തുറന്നു നൽകുമെന്നാണ് സൂചന.

തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ദേശീയ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ പറഞ്ഞു. ലോക്ക് ഡൗൺ നടപടികൾ സ്വീകരിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. ബുധനാഴ്ച വരെ രാജ്യത്ത് 14,925 കേസുകൾ സ്ഥിരീകരിച്ചു. 510 മരണങ്ങളുണ്ടായി. 11,328 രോഗികൾ രോഗമുക്തി നേടി. ലോക്ക് ഡൗണിൽ ഇളവുകൾ നൽകുന്ന പശ്ചാത്തലത്തിൽ കൊറോണ ടെസ്റ്റുകൾ വ്യാപിപ്പിക്കുവാനാണ് ഭരണകൂടത്തിന്റെ തീരുമാനം.