മരിച്ച ഷാബുരാജിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ കോമഡി താരവും നടനുമായ നോബി രംഗത്ത് വന്നിരിക്കുന്നു. ഷാബു തന്റെ വേദനകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒരിക്കലും തങ്ങളെയാരെയും അറിച്ചിരുന്നില്ലെന്ന് നോബി പറയുന്നത്.

‘മിമിക്രിയില്‍ സജീവമായി തുടങ്ങിയ നാള്‍തൊട്ട് ഷാബുവിനെ അറിയാം. നിരവധി ട്രൂപ്പുകളില്‍ ഞങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചു. സിനിമയില്‍ സജീവമായ ശേഷവും ഞാന്‍ ആരംഭിച്ച ടീം ഓഫ് ട്രിവാന്‍ഡ്രം എന്ന ട്രൂപ്പിലും ഉണ്ടായിരുന്നു ഷാബു. മിമിക്രി ലോകത്തെ മികച്ച പ്രതിഭകളെ അണിനിരത്തിയ ആ ട്രൂപ്പില്‍ ഷാബു എത്തിയതിനു പിന്നില്‍ ഒരു അത്ഭുതവും ഇല്ല എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. കാരണം, അത്രയ്ക്കും പ്രതിഭാധനന്‍ ആയിരുന്നു അദ്ദേഹം. ആദ്യകാലത്ത് തിരുവനന്തപുരം സരിഗയിലും ഞങ്ങള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ റിഹേഴ്സല്‍ ചെയ്യുന്ന സ്ഥലത്തിന്റെ അടുത്തായിരുന്നു ഷാബുവിന്റെ വീട്. എന്നിട്ടു പോലും ഷാബുവും കുടുംബവും അനുഭവിക്കുന്ന വേദന ഞങ്ങള്‍ തിരിച്ചറിയാതെ പോയി.’

‘നാല് മക്കളേയും കൂട്ടി ജീവിതം പതിയെ കരയ്ക്കടുപ്പിക്കുകയായിരുന്നു ആ മനുഷ്യന്‍. സ്‌കിറ്റുകളിലൂടെ ഷാബുവിനെ ശ്രദ്ധിച്ച്‌ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പത്ത് പേര്‍ ആ പ്രതിഭയെ തിരിച്ചറിഞ്ഞു വരികയായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം സിനിമയിലെത്തും എന്ന് ഉറച്ചു വിശ്വസിച്ച നാളുകളില്‍ ആരുമറിയാതെ അദ്ദേഹത്തെ മരണം പിടികൂടി. എന്തിനേറെ പറയണം, മരണം പതിയിരുന്ന് ഹാര്‍ട്ട് അറ്റാക്ക് രൂപത്തില്‍ എത്തിയത് ഷാബു പോലും അറിഞ്ഞില്ല. ആ മരണകാരണം പോലും രഹസ്യമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ പോലെ.’ വനിതയുമായുള്ള അഭിമുഖത്തില്‍ നോബി പറയുകയുണ്ടായി.