• മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടണ്‍:: ബീജിംഗ് സുതാര്യമല്ലെന്ന ആരോപണം പുതുക്കി നവംബര്‍ ആദ്യം തന്നെ കൊറോണ വൈറസിനെക്കുറിച്ച് ചൈനയ്ക്ക് അറിയാമായിരുന്നു എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു.

ഈ വൈറസിന്റെ ആദ്യ കേസുകള്‍ ചൈനീസ് സര്‍ക്കാര്‍ നവംബര്‍ ആദ്യം തന്നെ അറിഞ്ഞിരിക്കാനിടയുണ്ടെന്ന് ഡിസംബര്‍ പകുതിയോടെ പോംപിയോ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വുഹാന്‍ നഗരത്തില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ യഥാര്‍ത്ഥ സാമ്പിള്‍ ഉള്‍പ്പടെ ചൈനയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അമേരിക്കയ്ക്ക് ഇപ്പോഴും ആവശ്യമാണെന്ന് പോംപിയോ പറഞ്ഞു. സുതാര്യത സംബന്ധിച്ച ഈ വിഷയം നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയേണ്ടത് വളരെ പ്രധാനമാണെന്നും പോംപിയോ പറഞ്ഞു.

ചൈന ആദ്യം വൈറസിന്‍റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും വിസില്‍ ബ്ലോവര്‍മാരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ആഗോള പാന്‍ഡെമിക് ആയി മാറിയതിന്‍റെ ആദ്യത്തെ ഔദ്യോഗിക വിവരം ഡിസംബര്‍ 31 ന് വുഹാനിലെ അധികാരികള്‍ ന്യൂമോണിയ ആണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞത്, ‘ജനുവരി 4 ന് വുഹാനില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് യുഎന്‍ ബോഡി ആദ്യമായി ട്വിറ്റര്‍ വഴി സംസാരിച്ചു, അടുത്ത ദിവസം എല്ലാ അംഗരാജ്യങ്ങള്‍ക്കും വിശദമായ വിവരങ്ങള്‍ നല്‍കി,’ എന്നാണ്.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ചൈനയെയും ലോകാരോഗ്യ സംഘടനയെയും നിശിതമായി വിമര്‍ശിച്ചു. ലോകമെമ്പാടുമുള്ള 180,000 ത്തിലധികം ആളുകളെ കൊന്നൊടുക്കിയ സംഭവത്തിന് കാരണക്കാരായതിന് അവരെ കുറ്റപ്പെടുത്തി.

കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് വ്യതിചലിക്കാന്‍ ട്രംപ് ശ്രമിക്കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ജനുവരിയില്‍ ഇത് പൂര്‍ണമായും നിയന്ത്രണത്തിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നുവെങ്കിലും അതിനുശേഷം അമേരിക്കയില്‍ 50,000 ത്തോളം ആളുകളെയാണ് കൊവിഡ്-19 കൊന്നൊടുക്കിയത്.

വുഹാനിലെ ഒരു വൈറോളജി ലബോറട്ടറിയില്‍ നിന്നാണ് ഈ വൈറസ് ഉത്ഭവിച്ചതെന്ന ഉറച്ച വിശ്വാസത്തിലാണ് പോം‌പിയോ. എന്നാല്‍, ചൈന ഈ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞു. വുഹാനിലെ ഒരു ഇറച്ചി മാര്‍ക്കറ്റില്‍ നിന്ന് വിദേശ മൃഗങ്ങളെ കശാപ്പ് ചെയ്തപ്പോള്‍ വൈറസ് മനുഷ്യരിലേക്ക് ഒരുപക്ഷെ പകരാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.