തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ തല്‍ക്കാലം വിട്ടു നില്‍ക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു . തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ ആകാവുന്നതാണ്. അഞ്ചു പേരുള്ള ടീം എന്ന നിലയില്‍ വര്‍ക് സൈറ്റില്‍ പ്രവര്‍ത്തിക്കാമെന്നാണു നേരത്തേ നിര്‍ദേശിച്ചത്. എന്നാല്‍ ഒരു കൂട്ടര്‍ ശ്രദ്ധിക്കണം. വൈറസ് ബാധയ്ക്ക് പ്രായമുള്ളവരാണു വേഗത്തില്‍ ഇരയാകുന്നത്.

അതു കണക്കിലെടുത്തു തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ 60 വയസ്സിന് മുകളിലുള്ളവര്‍ മേയ് 3 വരെ മാറി നില്‍ക്കുന്നതാണ് നല്ലത്. മറ്റുള്ളവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു ജോലി ചെയ്യുക. മാസ്ക് ആവശ്യത്തിന് ലഭ്യമാകുന്നുണ്ട്. ചിലര്‍ ഇപ്പോള്‍ കേരളത്തിലേക്ക് ആളെ കൊണ്ടുവരാന്‍ കരാര്‍ എടുക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്ന് പണം വാങ്ങി കേരളത്തിലേക്ക് ആളുകളെ എത്തിക്കാന്‍ ഏജന്റുമാര്‍ പണം വാങ്ങി രംഗത്തിറങ്ങിയത് ശ്രദ്ധയിലുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്താന്‍ നിര്‍ദേശം നല്‍കി.