വാഷിങ്ടൻ ∙ യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിൽ നിന്ന് ചില വിഭാഗം കുടിയേറ്റക്കാരെ വിലക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടത്തിൽ നിന്ന് യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് 60 ദിവസത്തേക്കുള്ള ഈ നിരോധനമെന്നും അതിനുശേഷം പുനഃപരിശോധിക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

യുഎസിനു വെളിയിൽ നിന്നുള്ളവരുടെ അപേക്ഷയ്ക്കാണ് പുതിയ ഉത്തരവ് ബാധകം. യു എസിൽ നിലവിൽ ഉള്ളവർക്കല്ല. യുഎസ് പൗരന്മാരുടെ ജീവിതപങ്കാളികൾ, 21 വയസ്സിൽ താഴെയുള്ള കുട്ടികൾ, നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. നിക്ഷേപ വിഭാഗത്തിൽ സ്ഥിര പൗരത്വം തേടി യുഎസിലെത്തുന്ന ആരോഗ്യപ്രവർത്തകരെയും ഒഴിവാക്കിയിട്ടുണ്ട്. യുഎസ് പ്രതിവർഷം നൽകുന്ന 11 ലക്ഷം ഗ്രീൻ കാർഡിൽ 3,33,500 ഗ്രീൻ കാർഡിനെ പുതിയ ഉത്തരവ് ബാധിക്കാനിടയുണ്ട്.

കുടിയേറ്റവിലക്ക് പ്രചാരണായുധമാക്കി 2016ൽ തിരഞ്ഞെടുപ്പ് ജയിച്ച ട്രംപിന്റെ തിരഞ്ഞെടുപ്പുതന്ത്രമാണിതെന്നു വിമർശനമുണ്ട്. വീണ്ടും മത്സരിക്കുന്ന ട്രംപ് കൊറോണ വൈറസ്ബാധയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നതായും പറയുന്നു.