വാഷിങ്ടൻ∙ യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്. ഇതുവരെ 49,845 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. 8,80,204 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം യുഎസിൽ 2325 പേർക്കാണ് ജീവൻ നഷ്ടമായത്.

അതേസമയം ലോകത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 27 ലക്ഷം കടന്നു. പുതിയതായി 85,000ത്തോളം പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗബാധിതർ 27,16,806 ലേക്ക് ഉയർന്നു. സ്പെയിനിലും ഇറ്റലിയിലും ഇന്നലെ മാത്രം 400ൽ ആധികം ആളുകളാണ് മരിച്ചത്.

2,13,024 രോഗബാധിതരുള്ള സ്പെയിനിൽ 22,157 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇറ്റലിയിലാകട്ടെ 25,549 പേർക്കാണ് ജീവൻ നഷ്ടമായത്. ഫ്രാൻലസിൽ ഇന്നലെ മാത്രം 516 പേർ മരിച്ചതോടെ ആകെ മരണം 21,856 ആയി.

ബ്രിട്ടനിൽ കോവിഡ് മരണങ്ങളിൽ നേരിയ കുറവുണ്ട്. 616 പേരാണ് ഇന്നലെ വിവിധ ആശുപത്രികളിൽ മരിച്ചത്. കഴിഞ്ഞദിവസവും ഇത്തരത്തിൽ മരണനിരക്കിൽ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് കുതിച്ചുയരുന്ന കാഴ്ചയാണ് ഉണ്ടായത്. എങ്കിലും കണക്കിലെ കുറവിൽ ആശ്വാസം കണ്ടെത്തുകയാണ് എല്ലാവരും. രാജ്യത്തെ ആകെ മരണസംഖ്യ 18,738 ആയി.