• കോര ചെറിയാന്‍

ഫിലാഡല്‍ഫിയ: 2020 ഏപ്രില്‍ 13-ലെ വേള്‍ഡ് മീറ്റര്‍ വെളിപ്പെടുത്തലിന്‍പ്രകാരം ഇന്‍ഡ്യയിലെ ജനസംഖ്യ 137,70,48,321 – ഏകദേശം 137 കോടി 70 ലക്ഷം. 2017 ഡിസംബര്‍ മാസാവസാനം ജനസംഖ്യ 133 കോടി 88 ലക്ഷം ജനങ്ങള്‍ ഇന്‍ഡ്യയില്‍ ഉള്ളതായി രേഖപ്പെടുത്തുന്നു. വെറും 3 വര്‍ഷവും 3 മാസവും കാലയളവില്‍ ആര്‍ഷഭാരത സാമ്രാജ്യം സസന്തോഷം ഏറ്റുവാങ്ങിയ പാരിതോഷികം 3 കോടി 82 ലക്ഷം പുതുജന്മങ്ങള്‍. ഇന്‍ഡ്യയുടെ വലിപ്പത്തിന്‍പ്രകാരം ഒരു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ കുടികൊള്ളുന്ന സമ്പന്നരോ ദരിദ്രരോ ആയി 381 മനുഷ്യജീവികള്‍ കോവിഡ്-19 മാരകരോഗ നിവാരണത്തിനായി സാമൂഹിക അകലം പാലിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കുവാന്‍ ഇവര്‍ ബാദ്ധ്യസ്ഥരാണ്.

1950-ലെ ജനസംഖ്യ ആയ 35 കോടി 51 ലക്ഷത്തില്‍നിന്നും 2020-ല്‍ 137 കോടി 70 ലക്ഷമായി ഉയര്‍ന്നു. കേവലം 70 വര്‍ഷത്തെ കാലയളവില്‍ പട്ടിണിരാജ്യമായി അറിയപ്പെടുന്ന ഇന്‍ഡ്യയിലെ ജനന വര്‍ദ്ധനവ് 102 കോടി 19 ലക്ഷം. ഇപ്പോഴുള്ള വന്‍ പട്ടണങ്ങളായ മുംബെയില്‍ 1 കോടി 25 ലക്ഷവും, ഡല്‍ഹിയില്‍ 1 കോടി 10 ലക്ഷവും മനുഷ്യജീവികള്‍ തിങ്ങിക്കൂടി വന്‍ കെട്ടിടസമുച്ചയങ്ങളിലും ദുരിതമാര്‍ന്ന ചേരികളിലുമായി സഹവസിക്കുന്നു. ഗ്രാമാന്തരീക്ഷത്തിലെ ജീവിതക്ലേശങ്ങളും കര്‍ഷകവൃത്തിയിലുള്ള പരിമിതികളുംമൂലം ഇന്‍ഡ്യന്‍ പട്ടണങ്ങളിലേയ്ക്കുള്ള ജനപ്രവാഹം അനുദിനം വര്‍ദ്ധിക്കുന്നു. ഇന്‍ഡ്യയില്‍ ഏറ്റവുമധികം കൊറോണ വൈറസ് രോഗികളും ഈ വന്‍ നഗരങ്ങളിലാണ്.

1947-ല്‍ 33 കോടി 16 ലക്ഷം ജനസമൂഹത്തെ ഏറ്റുവാങ്ങി ഇന്‍ഡ്യ സ്വതന്ത്രമായി. ജനസംഖ്യ ഉയരുവാനുള്ള മുഖ്യകാരണം നിരക്ഷരത്വവും ദുരാചാരങ്ങളുടെ ആവാസവുമാണ്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യലബ്ദിക്കുശേഷം ആതുരസേവനരംഗത്തുള്ള പുരോഗതിയും അലോപ്പതി മരുന്നുകളുടെ സുഗമമായ ലഭ്യതയുംമൂലം മരണനിരക്ക് കുറഞ്ഞതും മറ്റൊരു കാരണമാണ്. ഏതാനും ചില മതവിഭാഗങ്ങള്‍ മതഗ്രന്ഥങ്ങളെ ഉദ്ധരിച്ച് നിരപരാധികളും വിദ്യാരഹിതരുമായ അനുയായികളെ കുടുംബാസൂത്രണ പദ്ധതികളില്‍നിന്നും പിന്‍തിരിപ്പിക്കുന്നതും ജനസംഖ്യാ വര്‍ദ്ധനവിന് പരോക്ഷമായി സഹായിക്കുന്നു.

1947-ലെ പ്രതിവര്‍ഷ ആളോഹരി വരുമാനം – പെര്‍ കാപിറ്റ ഇന്‍കം 247.60 രൂപയില്‍നിന്നും 1960-ല്‍ 57,250.80 രൂപായായും, 2018-ല്‍ 1,59,919.20 രൂപായായിട്ടുള്ള വരുമാന വര്‍ദ്ധനവും ജനിക്കുന്ന കുട്ടികളെ പുലര്‍ത്താമെന്ന ദുര്‍വ്യാഖ്യാനവും ഒരു വിഭാഗം ഇന്‍ഡ്യാക്കാരില്‍ മൗഢ്യമായി കുടിയേറിയതും ജനവര്‍ദ്ധനവിന് കാരണമായി. കൊവിഡ്-19 ഏറ്റവും അധികമായി ബാധിച്ചത് ജനനിബിഢമായ മുംബെയിലും ഡല്‍ഹിയിലുമാണ്. ഇന്‍ഡ്യന്‍ നഗരങ്ങള്‍ എല്ലാംതന്നെ മനുഷ്യമഹാസമുദ്രമായി വിലസുന്നു. വാണിജ്യരംഗത്തെ പുരോഗതിയിലും ഉപരിയായി അശേഷം ശുചിത്വമില്ലായ്മയും വായുമാലിന്യവും അനുദിനം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊറോണ വൈറസിന്റെയും ടി.ബി. അടക്കുമുള്ള ഏതു നിശബ്ദ പകര്‍ച്ചവ്യാധിയുടെയും ആഗമനം മഹാനഗരങ്ങളെ ശൂന്യതയിലേക്കു നയിക്കും.

ഇന്‍ഡ്യയിലെ ആഘോഷങ്ങളാണ് ഏറ്റവുമധികം അസഹ്യമായിട്ടുള്ളത്. മാര്‍ച്ചുമാസം ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന ഇവാഞ്ചലിക്കല്‍ മുസ്ലീംസിന്റെ ടാബ്ലിഷി ജമാ അത്ത് സമ്മേളനത്തില്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങള്‍ പങ്കെടുത്തു. സ്വദേശിയോ വിദേശിയോ ആയ ഏതോ ഒരു വ്യക്തിയില്‍നിന്നും പടര്‍ന്ന കൊറോണ വൈറസ് ജനപ്പെരുപ്പമുള്ള ഇന്‍ഡ്യന്‍ മഹാരാജ്യം മുഴുവന്‍ വ്യാപിച്ചു. ഇന്‍ഡ്യയിലുള്ള എല്ലാമത വിഭാഗങ്ങള്‍ക്കും ആയിരക്കണക്കിനുള്ള ആഘോഷങ്ങളും തീര്‍ത്ഥാടക കേന്ദ്രങ്ങളും ഉണ്ട്. നിരന്തരമായ തീര്‍ത്ഥാടന ജനസഞ്ചാരവും അനിയന്ത്രിതമാണ്.

സമീപഭാവിയില്‍തന്നെ ഇന്‍ഡ്യന്‍ ജനപ്രവാഹം 143 കോടി 82 ലക്ഷം ജനങ്ങളുള്ള ചൈനയെ പിന്‍തള്ളി നമ്മള്‍ മുന്നേറും. വാശിയേറിയ ഈ മാനുഷിക ഉല്പാദനം ഇന്‍ഡ്യാക്കാര്‍ തന്നെ സ്വയമായി നിയന്ത്രിക്കണം. കുടുംബാസൂത്രണ പദ്ധതികളെ സര്‍ക്കാര്‍തലത്തില്‍നിന്നുതന്നെ സഹായങ്ങളും പ്രചോദനങ്ങളും നല്‍കണം. സ്വന്തം ബോഡിഗാര്‍ഡുകളായ സത്‌വന്ത് സിംഗിന്റെയും ബേന്ത് സിംഗിന്റെയും വെടിയേറ്റുമരിച്ച മുന്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തു രണ്ടാമത്തെ മകനായ സഞ്ജയ്ഗാന്ധി ആവിഷ്‌ക്കരിച്ച കുടുംബാസൂത്രണ നിബന്ധനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെ പ്രാബല്യത്തില്‍ എത്തിയിരുന്നെങ്കില്‍ അസഹ്യമായ ഈ ജനപ്പെരുപ്പം ഒരു പരിധിവരെ നിയന്ത്രിതമാകുമായിരുന്നു.