ന്യൂയോര്‍ക്ക് : കൊവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവര്‍ത്തനം തുടങ്ങി. പ്രത്യേക ഹെല്‍പ് ലൈന്‍ നന്പറും തുടങ്ങിയിട്ടുണ്ട്. മലയാളികള്‍ക്ക് 815-595-2068 എന്ന നന്പറില്‍ ബന്ധപ്പെടാം.

ആരോഗ്യപരമായ വിഷയങ്ങള്‍, ഇമ്മിഗ്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍, വിസാ- തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍, യാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി, വിദ്യാര്‍ഥികള്‍ നേരിടുന്ന ആശയക്കുഴപ്പം, പ്രായമായവര്‍ക്കു വേണ്ട സഹായങ്ങള്‍, അസുഖ ബാധിതരുടെ ആവശ്യങ്ങള്‍, സാമ്ബത്തികമായ സംശയങ്ങള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ക്കായി ഈ ഹെല്‍പ് ഡെസ്കിനെ ബന്ധപ്പെടാം.

കൊവിഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മലയാളികള്‍ക്ക് ഈ നമ്ബറില്‍ ബന്ധപ്പെടാം. നോര്‍ക്കയുമായി സഹകരിച്ചായിരിക്കും ഈ ടാസ്ക് ഫോഴ്സ് പ്രവര്‍ത്തിക്കുക. ലോക കേരള സഭയിലെ അമേരിക്കയുടെ പ്രതിനിധികളും ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ്, അസോസിയേഷന്‍ ഓഫ് കേരളാ മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് എന്നീ സംഘടനകളുടെ പ്രതിനിധികളും അടങ്ങുന്ന ഈ ഹെല്‍പ് ഡെസ്കിന് അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ പിന്തുണയുമുണ്ട് .

ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്. എട്ടര ലക്ഷത്തോളം പേര്‍ക്കാണ് ഇവിടെ രോഗ സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യയാണെങ്കില്‍ അരലക്ഷത്തോട് അടുക്കുകയും. ഇപ്പോഴും അമേരിക്ക വലിയ പ്രതിസന്ധിയില്‍ തന്നെ തുടരുകയാണ്. അമേരിക്കയില്‍ കൊവിഡ് രോഗം ബാധിച്ച്‌ മലയാളികളും ഒരുപാട് പേര്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.

തുടക്കത്തില്‍ പരിശോധനകള്‍ വേണ്ട രീതിയില്‍ നടത്താതിരുന്നതാണ് അമേരിക്കയില്‍ രോഗവ്യാപനത്തിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ വൈകിയതും പ്രശ്നമായി. ഇത്രയും വലിയൊരു മഹാമാരിയെ നേരിടാന്‍ അമേരിക്കയുടെ ആരോഗ്യ സംവിധാനങ്ങള്‍ സന്നദ്ധവും ആയിരുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ന്യൂയോര്‍ക്ക് ആണ് ഏറ്റവും രൂക്ഷമായി ബിധിച്ചിരിക്കുന്നത്. ഇവിടെ ഇരുപതിനായിരത്തില്‍ പരം ആളുകളാണ് വൈറസ് ബാധയില്‍ മരിച്ചത്.