തിരുവനന്തപുരം: ഉത്തരകേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകള്‍ റെഡ് സോണില്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2592 പേരാണ്. കാസര്‍കോട്ട് 3126ഉം, കോഴിക്കോട്ട് 2770ഉം മലപ്പുറത്ത് 2465 പേരുമാണ് നിരീക്ഷണത്തിലുള്ളത്. റെഡ്സോണായി കണക്കാക്കുന്ന നാലു ജില്ലകളിലും നിയന്ത്രണങ്ങള്‍ കര്‍ക്കശമായി തുടരും.

മറ്റു പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലാകും. കേസുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ പെടുത്തി ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ പുതിയ കേസുകള്‍ വന്നതിനാല്‍ ഈ ജില്ലകളെ ഗ്രീന്‍ സോണില്‍നിന്ന് മാറ്റി ഓറഞ്ചില്‍ ഉള്‍പ്പെടുത്തുകയാണ്.

ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ ആകെ അടച്ചിടും. നഗരസഭകളില്‍ ബന്ധപ്പെട്ട ഡിവിഷനുകള്‍ അടച്ചിടുകയാണ് ചെയ്യുക. ഏതൊക്കെ പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ട് പരിധിയില്‍ വരിക എന്നത് അതത് ജില്ലാ ഭരണസംവിധാനം തീരുമാനിക്കും.