• ഡോ. ജോര്‍ജ് എം.കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: 851,327 പേര്‍ക്ക് രോഗം ബാധിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവുന്നു. മരണം 47,800 ആയി. ഗുരുതരാവസ്ഥയിലുള്ളത് 14,334 പേരാണ്. രോഗാവസ്ഥയെക്കാളും സാമ്പത്തിക പ്രതിസന്ധിയുടെ വര്‍ധനവാണ് ഇപ്പോള്‍ പല സംസ്ഥാനങ്ങളെയും ഭയപ്പെടുത്തുന്നത്. നിയന്ത്രണങ്ങള്‍ ഒഴിവാക്കി സംസ്ഥാനങ്ങള്‍ സാമ്പത്തികമായി ഉണര്‍വ്വുണ്ടാക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതിനോട് ആരോഗ്യവിദഗ്ധര്‍ കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ട്രംപിനെ അനുകൂലിച്ച് ജോര്‍ജിയ സംസ്ഥാനം ഇന്നു നിയന്ത്രണങ്ങളില്‍ വലിയ ഇളവു വരുത്തുമെന്ന് പ്രസ്താവിച്ചെങ്കിലും, രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു കൊണ്ട് പ്രസിഡന്റ് രംഗത്തെത്തി. ഇതോടെ, ടെക്‌സസ് അടക്കമുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നു നിശ്ചയിച്ചു. നേരത്തെ, റിപ്പബ്ലിക്കന്‍ ഭരണം നിലനില്‍ക്കുന്നിടത്ത് ഗവര്‍ണര്‍മാര്‍ നിയന്ത്രണങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയായിരുന്നു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു.

രാഷ്ട്രീയ സഖ്യകക്ഷിയായ ജോര്‍ജിയയിലെ ഗവര്‍ണര്‍ ബ്രയാന്‍ കെംപിന്റെ തീരുമാനത്തെയാണ് പ്രസിഡന്റ് ട്രംപ് തള്ളിപ്പറഞ്ഞത്. സംസ്ഥാനത്ത് വൈറസ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് ഈ നീക്കം അനുചിതമാണെന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കനായ കെംപ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനിച്ചത്. ജിമ്മുകള്‍, ഹെയര്‍, നെയില്‍ സലൂണുകള്‍, ടാറ്റൂ പാര്‍ലറുകള്‍ എന്നിവ വെള്ളിയാഴ്ച വീണ്ടും തുറക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നു. തുടര്‍ന്ന്, തിങ്കളാഴ്ച, റെസ്‌റ്റോറന്റുകള്‍ ഡൈന്‍ഇന്‍ സേവനം പുനരാരംഭിക്കാന്‍ അനുവദിക്കും, കൂടാതെ സിനിമാ തിയേറ്ററുകളും മറ്റ് വിനോദ വേദികളും വീണ്ടും തുറക്കാനായിരുന്നു ധാരണ.

പൊതുജനാരോഗ്യ വിദഗ്ധരെന്ന നിലയില്‍, ജോര്‍ജിയയിലെ ഏറ്റവും വലിയ നഗരങ്ങളിലെ മേയര്‍മാരും മറ്റുള്ളവരും ഈ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു, ഇത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിയെ പരിഹരിക്കാന്‍ രാജ്യമെമ്പാടുമുള്ള സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍, ചെറിയ പ്രതിഷേധങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ഗവര്‍ണര്‍മാരെ പ്രേരിപ്പിച്ചു. എന്നാല്‍, നിയന്ത്രണങ്ങള്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്നതിലെത്തിക്കുമെന്നും ബിസിനസ്സ് വീണ്ടും തുറക്കുന്നതിനായി നീങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും വിദഗ്ധ ഉപദേശം ലഭിച്ചിട്ടുണ്ട്.

ബുധനാഴ്ച, ലാസ് വെഗാസിലെ മേയര്‍ കരോലിന്‍ ഗുഡ്മാന്‍ നഗരത്തിലെ കാസിനോകള്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് ബിസിനസുകള്‍ എന്നിവ ഉടനടി വീണ്ടും തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്ന സാമൂഹിക വിദൂര നടപടികളെക്കുറിച്ച് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാനാവാത്തതിനാല്‍ നടപടി പിന്‍വലിച്ചു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകരുന്നതു തുടരുന്നതിനിടയ്ക്ക് കൂടുതല്‍ സാമ്പത്തിഭാരം വരുത്തിക്കൊണ്ട് കഴിഞ്ഞ അഞ്ച് ആഴ്ചകളായി 26 ദശലക്ഷത്തിലധികം ആളുകള്‍ തൊഴിലില്ലാത്തവരുടെ നിരയില്‍ ചേര്‍ന്നു. കഴിഞ്ഞയാഴ്ച 4.4 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയതായി യുഎസ് സര്‍ക്കാര്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. തൊഴിലില്ലായ്മയുടെ നിരന്തരമായ വര്‍ദ്ധനവ് എപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളില്‍ മരണനിരക്കില്‍ തെല്ലും കുറവില്ലാത്തത് കാര്യങ്ങള്‍ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

പ്യൂ റിസര്‍ച്ച് സെന്റര്‍ ചൊവ്വാഴ്ച പുറത്തുവിട്ട ഒരു സര്‍വേയില്‍, താഴ്ന്ന വരുമാനക്കാരായ 52 ശതമാനം കുടുംബങ്ങള്‍ കൊറോണ വൈറസ് കനത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ഇങ്ങനെയുള്ള വീട്ടിലെ ഒരാള്‍ക്ക് വീതം ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 112,600 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള മധ്യവര്‍ഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം നാല്‍പ്പത്തിരണ്ട് ശതമാനം കുടുംബങ്ങളെയും കൊറോണ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വാണിജ്യം നിലച്ചതോടെ, മിക്ക സംസ്ഥാനങ്ങളുടെയും ഏറ്റവും വലിയ പണ സ്രോതസ്സായ വില്‍പ്പന നികുതി ഇടിഞ്ഞു. ദശലക്ഷക്കണക്കിന് പേരുടെ ശമ്പളം നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാതരം നികുതിക്കും കൂടുതല്‍ സമയം നല്‍കിയതോടെ, സംസ്ഥാന വരുമാനത്തില്‍ ഗണ്യമായ കുറവ് മാര്‍ച്ചില്‍ തന്നെ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

ഏപ്രില്‍ മാസത്തിലാണ് സാധാരണയായി ആദായനികുതി പണത്തിന്റെ വലിയൊരു ഭാഗം വന്നിരുന്നതെങ്കില്‍ ഇത്തവണയത്, ഫയലിംഗ് സമയപരിധി ജൂലൈ വരെ മാറ്റി. ഇതെല്ലാം മിക്കവാറും എല്ലാ സംസ്ഥാനങ്ങള്‍ക്കും വലിയ വെല്ലുവിളിയാണ്. അതു കൊണ്ടു തന്നെ ഫെഡറല്‍ സര്‍ക്കാരിനെ ആശ്രയിക്കുന്നതിനു പകരം പാപ്പരത്വം പ്രഖ്യാപിക്കുന്നത് സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് സെനറ്റര്‍ മക്കോണല്‍ പറഞ്ഞു. തങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കുന്നതിന് പാപ്പരത്വം പ്രഖ്യാപിക്കാനുള്ള കഴിവ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഇല്ല, പക്ഷേ അവരെ അനുവദിക്കുണമെന്നാണ് മക്കോണല്‍ ആവശ്യപ്പെട്ടത്. അതേസമയം, സെനറ്ററുടെ ഈ ആവശ്യത്തെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ, ‘ഹൈപ്പര്‍ പാര്‍ട്ടിസാന്‍ഷിപ്പ്’ എന്നു വിളിച്ചാണ് പ്രതികരിച്ചത്.