ലണ്ടന്‍: കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പത്താഴ്ചയെങ്കിലും തുടരണമെന്ന് മുന്നറിയിപ്പ്..പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍. ഇന്ത്യാടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിച്ചാര്‍ഡിന്റെ മുന്നറിയിപ്പ്. നിലവിലുള്ള ലോക്ക്ഡൗണ്‍ മേയ് മൂന്നിനാണ് അവസാനിക്കുന്നത്.

ഇന്ത്യയില്‍ വാണിജ്യപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടതാണ്. എന്നാല്‍ അതിനായി ധൃതി കൂട്ടരുത്. ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ ധൃതി കൂട്ടി വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടായാല്‍ അത് ആദ്യത്തേതിനേക്കാള്‍ ഗുരുതരമായിരിക്കും. അങ്ങനെയുണ്ടായാല്‍ ആദ്യം മുതല്‍ വീണ്ടും ആരംഭിക്കേണ്ടിവരും. ലോക്ക്ഡൗണിനായി ഏറെ സമയവും അധ്വാനവും ചെലവിട്ടു കഴിഞ്ഞു. അതു പാഴാക്കരുത്. കഴിയുമെങ്കില്‍ പത്താഴ്ച വരെ ലോക്ഡൗണ്‍ തുടര്‍ന്നു കൊണ്ടുപോകണമെന്ന് അദ്ദേഹം പറയുന്നു.

രാജ്യത്ത് ലോക്ക്ഡൗണ്‍ വിജയകരമാണെങ്കില്‍ പത്താഴ്ചയ്ക്കുള്ളില്‍ രോഗത്തിന്റെ തോത് കുറയുന്നതായി കാണാം. ഈ ഘട്ടം കഴിഞ്ഞാല്‍ സാധാരണ നിലയിലേക്കു മടങ്ങാന്‍ കഴിയും. പിന്നീടു സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരുന്നതും നല്ലതാണ്.

വുഹാനില്‍ പത്താഴ്ചയിലേറെ നീണ്ട ലോക്ക്ഡൗണ്‍ കൊണ്ടാണു രോഗം നിയന്ത്രണ വിധേയമാക്കിയത്. അവരിപ്പോള്‍ പഴയ സ്ഥിതിയിലേക്കു മടങ്ങിയിട്ടുണ്ട്. വൈറസിന്റെ പ്രകൃതം അനുസരിച്ച്‌ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ അതു സമൂഹത്തില്‍ പടര്‍ന്നുപിടിക്കുമെന്നും റിച്ചാര്‍ഡ് പറഞ്ഞു. പത്താഴ്ച കഴിയുമ്ബോള്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ വൈറസ് ബാധയുണ്ടാകുകയുള്ളു. അതുകൊണ്ടു തന്നെ പടര്‍ന്നുപിടിക്കാനുള്ള സാദ്ധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.