മുംബൈ: ഇന്ത്യയുടെ കൊറോണ വൈറസ് വ്യാപന കേന്ദ്രമായി മുംബൈ മാറുന്നു. വ്യാഴാഴ്ച മുംബൈയില്‍ 552 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ കൊറോണ രോഗികളുടെ എണ്ണം 4,025 ആയി.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ മാത്രം 25 പുതിയ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 214 ആയി ഉയര്‍ന്നു. ധാരാവിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് 13 പേരാണ് മരിച്ചത്.
മഹാരാഷ്ട്രയില്‍ മുംബൈ ഉള്‍പ്പെടെ ഇന്ന് 778 പേര്‍ക്ക് കൊറോണ വൈറസ് രോഗം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് കൊറോണ രോഗികള്‍ 6427 ആയി. 14 പേരാണ് വ്യാഴാഴ്ച കോവിഡ് ബാധച്ച് മരിച്ചത്. മരണസംഖ്യയും ഇതോടെ ഉയര്‍ന്നു. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് 283 പേരാണ് മരിച്ചത്.
രാജ്യത്ത് വ്യാഴാഴ്ച 24 മണിക്കൂറിനിടെ 1,409 പോസിറ്റീവ് കേസുകളും 34 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 21,797 ആയി. മരണ സംഖ്യ 686 ആയി ഉയര്‍ന്നു.