കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. കോട്ടയത്തെ ചുമട്ടുതൊഴിലാളിയായ 37 കാരനും തിരുവനന്തപുരത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 31 കാരനായ ആരോഗ്യ പ്രവര്‍ത്തകനുമാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കോട്ടയം കളക്ടര്‍ പി.കെ.സുധീര്‍ബാബു അറിയിച്ചു.

ചുമട്ടുതൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോട്ടയം മാര്‍ക്കറ്റ് അടച്ചിട്ടുണ്ട്. പാലക്കാട്ടു നിന്ന് ലോഡുമായി വന്ന ലോറി ഡ്രൈവറുടെ സഹായില്‍ നിന്നാകാം ചുമട്ടുതൊഴിലാളിക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന. എന്നാല്‍ ഡ്രൈവറുടെ സഹായിക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റേതെങ്കിലും വഴിയാണോ ഇദ്ദേഹത്തിന് രോഗം വന്നതെന്നും അന്വേഷിക്കുന്നുണ്ട്.

മാര്‍ച്ച്‌ 24 നാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ തിരുവന്തപുരത്തു നിന്ന് കാറില്‍ കോട്ടയം ജില്ലയില്‍ എത്തിയത്. കോട്ടയത്തു നിന്ന് കാറുമായി പോയി ഒരാള്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു എന്നാണ് ആരോഗ്യ പ്രവര്‍ത്തകന്‍ അധികൃതരെ അറിയിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ 22ന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഇന്നലെ കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ ഇദ്ദേഹത്തിന്റെ സാമ്ബിള്‍ എടുക്കുകയായിരുന്നു. ഇദ്ദേഹത്തെ കോട്ടയത്ത് പോയി കൂട്ടിക്കൊണ്ടുവന്ന ഡ്രൈവറുടെ സാമ്ബിള്‍ ശേഖരിച്ചു.

ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നേരിട്ടും അല്ലാതെയും സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിന് നടപടി അതിവേഗം പുരോഗമിക്കുകയാണ്.