കണ്ണൂര്‍: ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പദ്മരാജന്‍ പ്രതിയായ പാനൂര്‍ പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. പൊലീസിന്റെ ഭാഗത്ത് നിന്ന് കേസന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നത്. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

പാനൂരില്‍ നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍വച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കെതിരെ ഇരയായ പെണ്‍കുട്ടിയുടെ സഹപാഠി പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശിശുക്ഷേമ സമിതി ഉയര്‍ത്തിയത്.

കണ്ണൂരില്‍ കൗണ്‍സിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും സിഡബ്യൂസിയെ (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാംക്ലാസുകാരിയെ കോഴിക്കോടേക്ക് കൊണ്ടുപോയത് തെറ്റാണെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ആരോപിച്ചു. കുട്ടിയെ സ്‌കൂളിലും പൊലീസ് സ്‌റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തത് പോക്‌സോ നിയമത്തിന്റെ ലംഘനമെന്നും ശിശുക്ഷേമ സമിതി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ കുട്ടിയുടെ 161 പ്രകാരമുള്ള മൊഴി പൊലീസ് രേഖപ്പെടുത്തി. മെഡിക്കല്‍ പരിശോധന നടത്തി. അതിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ 164 പ്രകാരം രഹസ്യ മൊഴി രേഖപ്പെടുത്തി. പിന്നീടങ്ങോട്ട് ഈ കേസിന്റെ നാള്‍വഴിയില്‍ അന്വേഷണ സംഘം പോക്‌സോ നിയമത്തിന്റെ ലംഘനം പല തവണ നടത്തി എന്നാണ് ആക്ഷേപം. സ്‌കൂളില്‍ രണ്ടുതവണ കുട്ടിയെ കൊണ്ടുപോയ അന്വേഷണ ഉദ്യോഗസ്ഥര്‍ യൂണിഫോമിലാണ് കുട്ടിയുടെ അടുത്ത് എത്തിയത്. തലശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ കുട്ടിയെ എത്തിച്ച്‌ ആറ് മണിക്കൂര്‍ മൊഴി എടുക്കുകയും ചെയ്തു. പോക്‌സോ നിയമ പ്രകാരം ഇരകളായ കുഞ്ഞുങ്ങളെ തീര്‍ത്തും കരുതലോടെയും അതീവ ശ്രദ്ധയോടേയും വേണം സമീപിക്കാന്‍. പൊലീസ് യൂണിഫോമില്‍ അവരെ സമീപിക്കുകയോ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്താനോ പാടില്ല എന്നാണ് നിയമം.