കണ്ണൂര്‍ : കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ടിവി സുഭാഷ്. നിലവില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല . 2432 പേരെ നിലവില്‍ ടെസ്റ്റ് ചെയ്തിട്ടുണ്ട് . കണ്ണൂരില്‍ സാധ്യമാകുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കിയെന്നും കളക്ടര്‍ വ്യക്തമാക്കി . ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റീന്‍ ശക്തിപ്പെടുത്തും. രോഗം ബാധിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി പട്ടികയില്‍ പെട്ടവരെയും പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം . വൈകി രോഗം സ്ഥിരീകരിക്കുന്ന സംഭവം ആരോഗ്യ വകുപ്പ് വിദഗ്ദര്‍ പരിശോധിക്കും. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു .

സമ്ബര്‍ക്ക പട്ടികയിലുള്ള 120 പേരുടെയും വിദേശത്ത് നിന്ന് എത്തിയ 45 പേരുടേതുമടക്കം 165 പേരുടെ പരിശോധന ഫലം കൂടി ഇനി ലഭിക്കാനുണ്ടെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം , ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇവരില്‍ നാലു പേര്‍ ദുബായില്‍ നിന്നും എത്തിയവരാണ് .ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ വന്ന ഹൗസ് സര്‍ജനും രോഗം സ്ഥിരീകരിച്ചിരുന്നു . രണ്ടു പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത് .