അബൂദബി: റമദാനില്‍ യുഎഇയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 1511 തടവുകാരെ മോചിപ്പിക്കും. റമദാന് മുന്നോടിയായി തടവുകാര്‍ക്ക് മോചനം നല്‍കുന്ന എമിറാത്തിലെ പരമ്ബരാഗത രീതി പിന്തുടരുന്നതിന്റെ ഭാഗമായാണ് നല്ല നടപ്പില്‍ കഴിയുന്ന തടവുകാര്‍ക്ക് മോചനം നല്‍കുന്നത്. വ്യാഴാഴ്ച ആകാശത്ത് ചന്ദ്രക്കല ദൃശ്യമായാല്‍ പിന്നെ റമദാന്‍ മാസത്തിന് തുടക്കമാവുകയാണ്. 29, 30 ദിവസമാണ് റമദാന്‍ വ്രതം.

റമദാന്‍ മാസത്തില്‍ 1511 തടവുകാരെ മോചിപ്പിക്കുമെന്ന് ചൊവ്വാഴ്ചയാണ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ പ്രഖ്യാപിച്ചത്. ശൈഖ് ഖലീഫയുടെ ഉത്തരവിന് പിന്നാലെ എമിറേറ്റുകളിലെ ഭരണാധികാരികളും തടവുകാരുടെ മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂം റമദാന്‍ മാസത്തില്‍ 874 തടവുകാരെയാണ് മോചിപ്പിക്കുന്നത്. ബുധനാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.