ബീംജിംഗ്: ലോകാരോഗ്യ സംഘടനയ്ക്കുള്ള (ഡബ്ല്യു.എച്ച്‌.ഒ) ഫണ്ട് യു.എസ് മരവിപ്പിച്ചതിന് പിന്നാലെ 30 മില്യണ്‍ ഡോളര്‍ അധികമായി അനുവദിച്ച്‌ ചൈന. ചൈനീസ് വിദേശകാര്യ വാക്താവ് ഹുവ ചുന്‍യിംഗ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വികസ്വര രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സംഭാവനയെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടനക്ക് ചൈന 20 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. ട്വിറ്ററിലൂടെയാണ് ചൈനീസ് വക്താവ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കുന്നത് യു.എസ് ആണ്. എന്നാല്‍,​ കൊവിഡ് 19 പ്രതിസന്ധിയെ ദുര്‍വിനിയോഗം ചെയ്തു എന്ന് ആരോപിച്ചാണ് ഡബ്ല്യു.എച്ച്‌.ഒവിന് പണം നല്‍കുന്നത് യു.എസ് നിറുത്തിവച്ചത്. ഡബ്ല്യു.എച്ച്‌.ഒ ചൈനയ്ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.