• മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടണ്‍: യു എസ് സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ ആളുകള്‍ യുഎസിലേക്ക് കുടിയേറുന്നത് തടയുന്നതിനായി 60 ദിവസത്തേക്ക് പുതിയ ഗ്രീന്‍ കാര്‍ഡ് നടപടിക്രമങ്ങള്‍ മരവിപ്പിക്കുന്ന വിവാദ എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്‍റ് ട്രംപ് ഒപ്പുവച്ചു. ഉത്തരവിലെ ഉള്ളടക്കം വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.

കുടിയേറ്റക്കാര്‍ക്ക് നേരെ ട്രം‌പ് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും, ഈ പുതിയ ഉത്തരവ് എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് വ്യക്തമല്ല. ചില തൊഴിലുടമകള്‍ ഇപ്പോള്‍ പുതിയ തൊഴിലാളികളെ തിരയുന്നുണ്ട്. എന്നാല്‍, അടുത്ത 60 ദിവസത്തിനുള്ളില്‍ ഇത് മാറാന്‍ സാധ്യതയില്ല. കാരണം വൈറസ് ഇപ്പോഴും വ്യാപിക്കുകയും സമ്പദ്‌വ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ബുധനാഴ്ച ഉച്ചവരെ യുഎസില്‍ ഏകദേശം 840,000 കോവിഡ്-19 അണുബാധകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അറവുശാലകള്‍ മുതല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വരെ എല്ലാം അടച്ചുപൂട്ടിയതിനാല്‍ വൈറസ് 22 ദശലക്ഷത്തിലധികം അമേരിക്കന്‍ തൊഴിലാളികളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിട്ടു.

കുടിയേറ്റ പ്രശ്നങ്ങളില്‍ ട്രംപിന്‍റെ മുന്‍ എക്സിക്യൂട്ടീവ് നടപടികളെപ്പോലെ, ബുധനാഴ്ചത്തെ ഉത്തരവും കോടതി വെല്ലുവിളികളെ നേരിടാന്‍ സാധ്യതയുണ്ട്. എന്നിട്ടും തന്‍റെ ഉത്തരവ് ആവശ്യം വന്നാല്‍ 60 ദിവസത്തിനപ്പുറവും നീട്ടുന്ന കാര്യവും പരിഗണിക്കുമെന്നാണ് ട്രം‌പിന്റെ നിലപാട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് തിങ്കളാഴ്ച രാത്രി ട്രം‌പ് ട്വീറ്റ് ചെയ്തിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, തൊഴില്‍ അടിസ്ഥാനമാക്കി സ്ഥിര താമസത്തിനായി ആഗ്രഹിക്കുന്ന അപേക്ഷകര്‍ അല്ലെങ്കില്‍ മറ്റ് ഗ്രീന്‍ കാര്‍ഡ് ഉടമകളുമായി ബന്ധപ്പെട്ടവര്‍ക്കുള്ള നടപടിക്രമങ്ങളാണ് ഈ ഉത്തരവിലൂടെ താത്ക്കാലികമായി നിര്‍ത്തുന്നത്.

യുഎസ് പൗരന്മാരുടെ അടുത്ത കുടുംബാംഗങ്ങളായ ഭാര്യാഭര്‍ത്താക്കന്മാരേയോ കുട്ടികളേയോ ഈ ഉത്തരവ് ബാധിക്കുകയില്ല. 2019 ല്‍ ഇഷ്യു ചെയ്ത ഒരു ദശലക്ഷം ഗ്രീന്‍ കാര്‍ഡുകളില്‍ പകുതിയും യുഎസ് പൗരന്മാരുടെ പങ്കാളികള്‍, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കാണ്.

പുതിയ തൊഴില്‍ വിസ നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തലാക്കാന്‍ ട്രംപ് തുടക്കത്തില്‍ പദ്ധതിയിട്ടിരുന്നെങ്കിലും വ്യവസായ ഗ്രൂപ്പുകളില്‍ നിന്നുള്ള കടുത്ത തിരിച്ചടികള്‍ നേരിട്ടതുകൊണ്ട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് പുതിയ ഉത്തരവ് എച്ച് 1 ബി പ്രോഗ്രാമിന് കീഴില്‍ അപേക്ഷിക്കുന്ന അതിഥി കൃഷിത്തൊഴിലാളികളെയും ഹൈടെക് ജീവനക്കാരെയും ബാധിക്കില്ല.

പകര്‍ച്ചവ്യാധികള്‍ക്കിടയിലും സാമൂഹിക അകലം പാലിക്കുന്നതിനായി ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ ഇമിഗ്രേഷന്‍ സേവനം ഇതിനകം തന്നെ മിക്ക ഗ്രീന്‍ കാര്‍ഡ് പ്രോസസ്സിംഗും നിര്‍ത്തിവച്ചിട്ടുണ്ട്. അതുകൊണ്ട് ട്രംപിന്‍റെ ഈ ഉത്തരവ് പ്രഹസനമായാണ് കാണുന്നത്.

കുടിയേറ്റക്കാരോട് ട്രം‌പ് കാണിക്കുന്ന ലജ്ജാകരമായ സമീപനം ട്രം‌പിനെ പിന്തുണയ്ക്കുന്ന വലതുപക്ഷ പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും അദ്ദേഹത്തിന്‍റെ പുതിയ ഉത്തരവിന്റെ സാധുതയെ ചോദ്യം ചെയ്യപ്പെടുകയാണ്.

‘ട്രംപിന്‍റെ ഉത്തരവ് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനാണെന്ന് തിങ്കളാഴ്ച രാത്രി ട്രംപിന്‍റെ അവ്യക്തമായ ട്വീറ്റിനെ പരാമര്‍ശിച്ച് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ അറ്റോര്‍ണി അനിബാല്‍ റൊമേറോ പറഞ്ഞു.

ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് ക്ലബ്ബുകളില്‍ ജോലി ചെയ്തിരുന്ന ഡസന്‍ കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്ന റൊമേറോ, ഗ്രീന്‍ കാര്‍ഡ് അപേക്ഷകരോട് 60 ദിവസത്തെ മരവിപ്പിക്കല്‍ കാലഹരണപ്പെടുന്നതുവരെ അവരുടെ കേസുകള്‍ മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ നിലവില്‍ അമേരിക്കയിലുള്ള അപേക്ഷകരോട് രാജ്യം വിട്ടുപോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം അവര്‍ക്ക് തിരികെ യു എസില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടാകും.