ഹൂസ്റ്റണ്‍: കോവിഡ് 19 മഹാമാരിയുടെ ആഘാതത്തില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ആതുര സേവന രംഗത്ത് കര്‍മനിരതരായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു മലയാളികള്‍ക്കു പുറമേ സന്നദ്ധ സേവന രംഗത്തും ഹൂസ്റ്റണില്‍ മലയാളികള്‍ സജീവ സാന്നിധ്യമറിയിക്കുന്നു. ഹൂസ്റ്റണ്‍ ആസ്ഥാനമായി കഴിഞ്ഞ 31 വർഷമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ ചാരിറ്റി ഫൗണ്ടേഷന്റെ (ഐ.എ.സി.എഫ്) സംഘനയുടെ വെബ്‌സൈറ്റ് വഴിയും, ഇ മെയില്‍ വഴിയും കോവിഡ് പ്രതിരോധത്തിനു സ്വീകരിക്കേണ്ട കാര്യങ്ങള്‍ ആധികാരികമായി ധരിപ്പിക്കുന്നതിനു പുറമേ, പുനര്‍ ഉപയോഗത്തിനു സാധ്യതമായതുള്‍പ്പെടെ ആയിരക്കണക്കിന് മാസ്‌കുകള്‍ സൗജന്യമായി സംഘടന ലഭ്യമാക്കുകയും ചെയ്യുന്നു. “നമ്മളിവിടെ ജീവിക്കുന്നു, നമ്മളിവിടെ കൊടുക്കുന്നു” എന്ന ആപ്തവാക്യത്തോടെ പ്രവർത്തിക്കുന്ന ഫൗണ്ടഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നത് മലയാളിയായ സെനിത്ത് എള്ളങ്കില്‍ ആയതു കൊണ്ട് നിരവധി മലയാളികളാണ് ഈ ഉദ്യമത്തില്‍ സഹകാരികളായി വര്‍ത്തിക്കുന്നത്.

സി.ഡി.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുന്നതിനു മുമ്പു തന്നെ, ഐ.എ.സി.എഫിന്റെ ബോര്‍ഡിലുള്ള ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും. സീനിയര്‍ സിറ്റിസണ്‍സിനും പുനര്‍ ഉപയോഗം സാധ്യമായ കോട്ടണ്‍ മാസ്‌കുകള്‍ സംഘടന ലഭ്യമാക്കി തുടങ്ങിയിരുന്നു. മെര്‍വ് 11 ഫില്‍റ്റര്‍ അകത്തു വച്ച് ഇരുവശത്തും കോട്ടണ്‍ തുണി കൊണ്ട് നിര്‍മിക്കുന്ന മാസ്‌ക് ഫില്‍റ്റര്‍ പുറത്തെടുത്തു മാറ്റിയ ശേഷം കഴുകി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. ഫില്‍റ്റര്‍ ശുദ്ധീകരിച്ച് വീണ്ടും ഉപയിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

ആദ്യഘട്ടത്തില്‍ ടേണിംഗ് പോയിന്റ് സെന്ററിലും , വെറ്ററന്‍സ് അഫയേഴ്‌സ് ഹോസ്പിറ്റലിലും, ലിയോണ്‍ഡെല്‍ ബേസില്‍സിന്റെ ചാനല്‍വ്യൂ ഫാക്ടറിയിലും മാസ്‌കുകള്‍ ലഭ്യമാക്കിയ ഐ.എ.സി.എഫ് കഴിഞ്ഞ ദിവസം ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയിലെ എമര്‍ജന്‍സി മാനേജ്‌മെന്റ് സംഘത്തിന് അയ്യായിരം മാസ്‌കുകള്‍ നല്‍കി. ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, ഫൗണ്ടേഷന്‍ പ്രസിഡന്റ് സെനിത്ത് എള്ളങ്കിലില്‍ നിന്ന് മാസ്‌കുകള്‍ ഏറ്റുവാങ്ങി. ഫൗണ്ടേഷന്റെ അവസരോചിതമായ പ്രവര്‍ത്തനം ഏറെ അഭിനന്ദാര്‍ഹമാണെന്നും വിവിധ ആൾക്കാർ ആളു കൊണ്ടും അർത്ഥം കൊണ്ടും ഇത്തരുണത്തിൽ സഹജനങ്ങളെ സഹായിക്കുന്നത് വളരെ പ്രയോചനകരമാണെന്നും സർവ്വശ്രീ കെ.പി.ജോര്‍ജ് തദവസരത്തില്‍ പറഞ്ഞു.

നിരവധി മലയാളികളുൾപ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരും തയ്യൽ വിദഗ്ദ്ധരും വീടുകളിലിരുന്ന് ഫൗണ്ടേഷനു വേണ്ടി മാസ്‌കുകള്‍ തയാറാക്കി നല്‍കുകയാണ്. ഈ മാസ്കുകൾക്കാവശ്യമായ ഫിൽറ്റർ മുഴുവനും സൗജന്യമായി നൽകുന്നത് മലയാളിയായ റോഷൻ രാജനാണെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയിലെയും ഹാരിസ് കൗണ്ടിയിലെയും എമര്‍ജന്‍സി മാനേജ്‌മെന്റ് ടീമിനും, സീനിയര്‍ സിറ്റിസണ്‍സിനും, ആതുര സേവക പ്രവർത്തകർക്കും, മറ്റു സംഘടനകൾക്കും ഇനിയും ആയിരക്കണക്കിന് മാസ്‌കുകള്‍ ലഭ്യമാക്കുമെന്ന് സെനിത്ത് അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള , ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക്, കെമിക്കല്‍ ശുദ്ധീകരണ കമ്പനികളിലൊന്നായ ലിയോണ്‍ഡല്‍ ബാസല്‍ ഇന്‍ഡസ്ട്രീസ് അവരുടെ ഹൗസ് മാഗസിനില്‍ സെനിത്തിന്റെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ കോവിഡ് കാലത്ത് നടത്തുന്ന സേവനത്തെ പ്രത്യേകം പ്രശംസിച്ചിരുന്നു.

പ്രതിസന്ധി കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും ഹൂസ്റ്റണ്‍ മേഖലയിലെ ജനങ്ങള്‍ക്ക് വലിയ സേവന ഹസ്തവുമായി എത്തുന്ന സംഘടനയാണ് ഐ.എ.സി.എഫ്. ഹാര്‍വി ദുരന്ത കാലത്ത് ഹൂസ്റ്റണ്‍ മേയറുടെ റിലീഫ് ഫണ്ടിലേക്ക് രണ്ടു ലക്ഷം ഡോളര്‍ ഫൗണ്ടേഷന്‍ സമാഹരിച്ചു നല്‍കിയിരുന്നു. ഹൂസ്റ്റണ്‍ ഫുഡ് ബാങ്ക്, ഭവനരഹിതര്‍, സ്‌കൂളുകളില്‍ പഠിക്കുന്ന അവരുടെ മക്കള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങി സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ മില്യണ്‍ കണക്കിന് ഡോളറിന്റെ സഹായം ലഭ്യമാക്കാന്‍ ഫൗണ്ടേഷനു കഴിഞ്ഞിട്ടുണ്ട്.

ഈ ഉദ്യമത്തിൽ സയായിക്കുവാൻ താത്പര്യമുള്ളവർ iacfhouston.com, indoamericancharityfoundation@gmail.com, 832-282-3032 എന്നിവ വഴി ബന്ധപ്പെടാവുന്നതാണ്