ജിദ്ദ : എല്ലാ വേഗപരിധിയും കടന്ന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കണ്ടെയ്‌നര്‍ ലോറി ഓടിച്ചയാളെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ ജിദ്ദയിലെ അല്‍ഖുംറ റോഡിലൂടെയാണ് കണ്ടെയനര്‍ ലോറിയുമായി ഡ്രൈവര്‍ അഭ്യാസപ്രകടനം നടത്തിയത്. ലോറികള്‍ക്കും ട്രക്കുകള്‍ക്കുമുള്ള വലത്തേയറ്റത്തെ ട്രാക്ക് പാലിക്കാതെ ഇടത്തേയറ്റത്തെയും മധ്യത്തിലെയും ട്രാക്കുകളിലൂടെ അമിത വേഗതയിയിരുന്നു സഞ്ചാരം. ഇതിന്റെ ദൃശ്യങ്ങള്‍ ഒരു സൗദി പൗരന്‍ വീഡിയോവില്‍ പകര്‍ത്തി ട്രാഫിക് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

വാഹനവും ഡ്രൈവറെയും തിരിച്ചറിഞ്ഞ ട്രാഫിക് പോലീസ് വൈകാതെ തന്നെ നടപടിയെടുത്തു. ഡ്രൈവര്‍ക്കെതിരായ കേസ് ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ പരിശോധിച്ച്‌ ശിക്ഷകള്‍ വിധിക്കുന്ന പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറി.