ന്യൂയോര്‍ക്ക്: 2001-ല്‍ ലോകത്തെ ആകെ ഞെട്ടിച്ച ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ക്രിസ്റ്റീന, ബ്രിയാന്‍ സ്റ്റാന്‍ന്റന്‍ ദമ്പതികള്‍ ഇപ്പോള്‍ കൊറോണയുമായുള്ള പോരാട്ടത്തേയും അതിജീവിച്ച വാര്‍ത്തയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. അതിജീവനത്തിന്റെ ഈ രണ്ടു പോരാട്ടങ്ങളിലും തുണയായത് പ്രാര്‍ത്ഥനയായിരിന്നുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്റ്റ്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്കാണ് ഇവരുടെ പോരാട്ടത്തിന്റെ കഥ വെളിച്ചത്ത് കൊണ്ടുവന്നത്. ഇക്കഴിഞ്ഞ മാസം നടത്തിയ വൈദ്യപരിശോധനയില്‍ ഇരുവരും കൊറോണ ബാധിതരാണെന്ന് വ്യക്തമാകുകയായിരിന്നു.

ഇതില്‍ ക്രിസ്റ്റീനക്ക് ജീവിതത്തിലേക്ക് തിരിച്ചുവരുവാനുള്ള ഏതാണ്ട് 50/50 സാധ്യതയാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. ജീവിതത്തിനു വേണ്ടിയുള്ള പോരാട്ടം എന്നാണ് ക്രിസ്റ്റീന അക്കാലയളവിനെ വിശേഷിപ്പിച്ചത്. ക്രിസ്റ്റീന രണ്ടു പ്രാവശ്യം ആശുപത്രിയില്‍ അഡ്മിറ്റ്‌ ആവുകയും ഏതാണ്ട് മരണത്തോളം എത്തുകയും ചെയ്തു. ഡോക്ടറുമാരുടെ അനുമാനങ്ങളെ തള്ളികളഞ്ഞുക്കൊണ്ട് പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമാണു തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇരുവരും ഒരേസ്വരത്തില്‍ സമ്മതിക്കുന്നു.

വൈദ്യ സഹായത്തേക്കാള്‍ അധികമായി തന്നെ രക്ഷിച്ചത് തന്നെ അറിയുന്നവരുടെ പ്രാര്‍ത്ഥനയാണെന്ന് ക്രിസ്റ്റീന ഉറപ്പിച്ചു പറയുന്നു. രോഗബാധ അറിഞ്ഞ ഉടന്‍ തന്നെ ക്രിസ്റ്റീന ചെയ്തത് തന്റെ സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. “ഔട്ട്‌ ഓഫ് ഷാഡോ ഓഫ് 9/11 ആന്‍ ഇന്‍സ്പൈറിംഗ് സ്റ്റോറി ടെയില്‍ ഓഫ് എസ്കേപ്പ് ആന്‍ഡ്‌ ട്രാന്‍സ്ഫോര്‍മേഷന്‍” എന്ന പേരില്‍ 9/11 ആക്രമണത്തില്‍ നിന്നുള്ള തന്റെ അത്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ച് ക്രിസ്റ്റീന ഒരു ഗ്രന്ഥം രചിച്ചിരുന്നു. ഇവരുടെ കഥ സി.ബി.എന്‍ ന്യൂസ് സ്റ്റോറി സംപ്രേഷണവും ചെയ്തിട്ടുണ്ട്. ‘പ്രാര്‍ത്ഥനയില്‍ ശക്തിയുണ്ടെന്നാണ്’ ക്രിസ്റ്റീന ഇതില്‍ എല്ലാം ആവര്‍ത്തിച്ചു പറയുന്നത്.