വത്തിക്കാന്‍ സിറ്റി: ഭൂമിയോടുണ്ടായിരിക്കേണ്ട പവിത്രമായ ആദരവിന്റെ പൊരുൾ കണ്ടെത്താൻ ശ്രമിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഭൗമ ദിന സന്ദേശം. ഇന്നലെ ബുധനാഴ്ച പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് ത്രിത്വൈക സ്തുതിയോടുകൂടി പൊതു പ്രഭാഷണ പരിപാടിക്ക് തുടക്കം കുറിച്ച പാപ്പ, ഭൂമി നമ്മുടെ മാത്രമല്ല ദൈവത്തിൻറെയും ഭവനമാണെന്ന് ഓര്‍ക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

ഇന്നു നമ്മൾ അമ്പതാം ലോക ഭൗമദിനം ആചരിക്കുകയാണ്. നമ്മുടെ പൊതുഭവനത്തെ സ്നേഹിക്കാനും അതിനെയും നമ്മുടെ കുടുംബത്തിലെ ഏറ്റം ദുർബലരായ അംഗങ്ങളെയും പരിചരിക്കാനുമുള്ള നമ്മുടെ പ്രതിബദ്ധത നവീകരിക്കാനുമുള്ള അവസരമാണിത്. മഹാമാരിയയായി മാറിയിരിക്കുന്ന കൊറോണവൈറസ് ദുരന്തം കാണിച്ചുതരുന്നതു പോലെ, ആഗോള വെല്ലുവിളികളെ ജയിക്കാൻ നമുക്കു സാധിക്കണമെങ്കിൽ കൂട്ടായ പരിശ്രമവും ഏറ്റം ബലഹീനരായവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും അനിവാര്യമാണ്. “ലൗദാത്തോസി” (Laudato si) എന്ന ചാക്രികലേഖനത്തിൻറെ ഉപശീർഷകം തന്നെ “പൊതുഭവനത്തിൻറെ പരിപാലനത്തെ അധികരിച്ച്” എന്നാണ്.

“ഈ ലോകത്തിലെ നമ്മുടെ യാത്രയുടെ” സവിശേഷതയായ ഈ ഉത്തരവാദിത്വത്തെക്കുറിച്ച് നമുക്കൊരൽപം ഇന്ന് ചിന്തിക്കാം. പൊതുഭവനത്തെ പരിചരിക്കണമെന്ന അവബോധത്തിൽ നമ്മൾ വളരേണ്ടതുണ്ട്. നമ്മൾ ഭൗമിക ദ്രവ്യങ്ങളാൽ നിർമ്മിതരാണ്. ഭൂമിയുടെ ഫലങ്ങളാണ് നമ്മുടെ ജീവിതത്തെ താങ്ങി നിറുത്തുന്നത്. എന്നാൽ നമ്മൾ, ഉൽപത്തിപ്പുസ്തകം ഓർമ്മപ്പെടുത്തുന്നതു പോലെ, വെറും ഭൗമികരല്ല. ദൈവത്തിൽ നിന്നുള്ള ജീവൻറെ ശാസം നമ്മിലുണ്ട്. (ഉൽപത്തി 2:4-7). ആകയാൽ ഏക മാനവ കുടുംബം പോലെയും ദൈവത്തിൻറെ ഇതര സൃഷ്ടികളുമായുള്ള ജൈവവൈവിധ്യത്തോടുകൂടിയും നാം പൊതുഭവനത്തിൽ ജീവിക്കുന്നു. സകല സൃഷ്ടികളെയും പരിപാലിക്കാനും ആദരിക്കാനും നമ്മുടെ സഹോദരീസഹോദരങ്ങളെ, പ്രത്യേകിച്ച്, ഏറ്റം ബലഹീനരെ സ്നേഹിക്കാനും അവരോടു അനുകമ്പ കാട്ടാനും നമ്മൾ, ദൈവത്തിൻറെ ഛായ (Imago Dei) എന്ന നിലയിൽ, വിളിക്കപ്പെട്ടിരിക്കുന്നു.

തൻറെ പുത്രനായ യേശുവിൽ ദൈവം വെളിപ്പെടുത്തിയ, അവിടത്തേക്കു നമ്മോടുള്ള സ്നേഹം അനുകരിച്ചുവേണം നാം ഇതൊക്കെ ചെയ്യേണ്ടത്. ഈ അവസ്ഥ നമ്മളുമായി പങ്കുവയ്ക്കുന്നതിനും നമ്മെ രക്ഷിക്കുന്നതിനുമായി അവിടന്ന് മനുഷ്യനായിത്തീർന്നു. എന്നാൽ, ഭൂമിയെ കാത്തുപരിപാലിക്കുകയും അതിൻറെ കാര്യസ്ഥരായിരിക്കുകയും ചെയ്യുകയെന്ന ദൗത്യനിർവ്വഹണത്തിൽ നമ്മുടെ സ്വാർത്ഥതയുടെ ഫലമായി നാം വീഴ്ച വരുത്തിയിരിക്കുന്നു. നമ്മുടെ പൊതുഭവനത്തിന് വലിയ ക്ഷയം സംഭവിച്ചിരിക്കുന്നത് മനസ്സിലാക്കുന്നതിന് യാഥാർത്ഥ്യത്തെ ആത്മാർത്ഥമായി ഒന്നു നോക്കിയാൽ മാത്രം മതി.

നാം നമ്മുടെ പൊതുഭവനത്തെ മലിനമാക്കിയിരിക്കുന്നു, കൊള്ളയടിച്ചിരിക്കുന്നു. അങ്ങനെ നമ്മുടെ തന്നെ ജീവിതത്തെ അപകടത്തിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് മനസ്സാക്ഷികളെ ഉണർത്തുന്നതിന് അന്തർദ്ദേശിയവും പ്രാദേശികവുമായ നിരവധി പ്രസ്ഥാനങ്ങൾ രൂപം കൊണ്ടത്. ഈ സംരംഭങ്ങളെ ഞാൻ ആത്മാർത്ഥമായി വിലമതിക്കുന്നു. നമ്മെ താങ്ങി നിറുത്തുന്ന പരിസ്ഥിതിയെ നശിപ്പിച്ചാൽ നമുക്ക് ഭാവിയില്ല എന്ന സുവ്യക്തമായ വസ്തുത നാം മനസിലാക്കേണ്ടതുണ്ടെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.