മിന്നെസോട്ട: കോവിഡ് പകര്‍ച്ചവ്യാധിയുടെ ഇക്കാലത്ത് യുവജനങ്ങളുടെ വിശ്വാസ ജീവിതത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി സര്‍വ്വേഫലം. അമേരിക്കയിലെ മിന്നെസോട്ടയിലെ സ്പ്രിംഗ്ടൈഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലൂമിംഗ്ടൺ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 13-25 വയസുവരെയുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ഇടയിലാണ് ഈ ഗവേഷണ സ്ഥാപനം പഠനം നടത്തിയത്. ഈ പ്രായത്തിലുള്ളല്‍ ചെറുപ്പക്കാരുടെ ഇടയില്‍ ആന്തരികവും ബാഹ്യവുമായ ജീവിതം കൂടുതല്‍ വിശ്വാസ കേന്ദ്രീകൃതമാകുവാന്‍ ആരംഭിച്ചിട്ടുണ്ടെന്നു സ്പ്രിംഗ്ടൈഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോഷ് പാക്കാർഡ് വ്യക്തമാക്കി.

അതേസമയം കോവിഡ് കാലത്ത് സാമൂഹിക അകലവും മറ്റ് നിര്‍ദ്ദേശങ്ങളും ചെറുപ്പക്കാരുടെ ഇടയില്‍ ഭയത്തെയും അനിശ്ചിതത്വത്തെയും വര്‍ദ്ധിപ്പിക്കുന്നുവെന്നും സൂചനകളുണ്ട്. ഒറ്റപ്പെടൽ, ഏകാന്തത, ഉത്കണ്ഠ എന്നിവയും ഈ കാലയളവിൽ വർദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷണ സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പുറത്തുവന്ന വിവിധ പഠനഫലങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തിലും ബൈബിള്‍ വായിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായതായി വ്യക്തമായിരിന്നു. കോവിഡ് കാലം അനേകരെ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നുണ്ടെന്നാണ് ഇത്തരം പഠനഫലങ്ങള്‍ നല്‍കുന്ന സൂചന.