ദോഹ: കോവിഡ്-19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിനാള്‍ രാജ്യത്തെ പള്ളികള്‍ അടഞ്ഞുതന്നെ കിടക്കുമെന്ന് ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളില്‍ പ്രാര്‍ഥനകളും ഉണ്ടാകില്ല. എന്നാല്‍ ബാങ്ക് വിളിക്ക് മുടക്കമില്ല.അതേസമയം ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്​കാരം നടക്കും.

റമദാനില്‍ ഇമാമും നാല് പേരുമുള്‍പ്പെടെ ഈ പള്ളിയില്‍ ഇശാ നമസ്​കാരവും തറാവീഹ് നമസ്​കാരവും നടത്തും. പൊതുജനാരോഗ്യ മന്ത്രാലയത്തി​െന്‍റ നിര്‍ദേശങ്ങളും മുന്‍കരുതലുകളും പാലിച്ചായിരിക്കുമിത്​. ഗ്രാന്‍ഡ് മസ്​ജിദിലെ നമസ്​കാരങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍, റേഡിയോ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കും. എന്നാല്‍ ഇത്​ പിന്തുടര്‍ന്ന്​ നമസ്​കരിക്കാനും പ്രാര്‍ഥിക്കുവാനും അനുവാദമില്ല.

കോവിഡ്-19 പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ അതോറിറ്റികളുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്​ഥിതി ശാന്തമാകുകയും രോഗം നിയന്ത്രണവിധേയമാകുകയും ചെയ്യുന്നതോടെ എല്ലാ പള്ളികളും പ്രാര്‍ഥനകള്‍ക്കായി തുറന്നുകൊടുക്കുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രധാനപ്പെട്ടതെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു.