ചെന്നൈ: ചെന്നൈയില്‍ രോഗബാധയുടെ ഉറവിടം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ചെന്നൈനഗരം സാമൂഹിക വ്യാപനഭീതിയിലായിരിക്കുകയാണ്. അതേസമയം ഇതുവരെ സാമൂഹികവ്യാപനമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 60-ഓളം പേര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നാണ് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തത്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകര്‍, എസ്.ഐ. എന്നിവര്‍ക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല.

രോഗം സ്ഥിരീകരിച്ച എസ്.ഐ പാരീസ് കോര്‍ണറില്‍ പട്രോളിങ് ജോലി ആയിരുന്നു ചെയ്‌തിരുന്നത്‌. വാഹനപരിശോധന നടത്തിയിരുന്ന ഇദ്ദേഹത്തിന് ആരില്‍നിന്ന് രോഗംപടര്‍ന്നുവെന്നും ഇദ്ദേഹത്തില്‍ നിന്ന് ആര്‍ക്കൊക്കെ രോഗം വന്നുകാണുമെന്നും വ്യക്തമല്ല. അതേയമയം, സംസ്ഥാനത്ത് കൊറോണ ബാധ മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രണ്ടാഴ്ച മുന്‍പ് അറിയിച്ചിരുന്നു. രോഗവ്യാപനം വര്‍ധിക്കുന്ന കാര്യത്തില്‍ ഇതേക്കുറിച്ച്‌ വ്യക്തമായ മറുപടി നല്‍കാന്‍ ആരോഗ്യവകുപ്പിനും കഴിഞ്ഞിട്ടില്ല.