പത്തനംതിട്ട; പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തിയത് മുന്‍വൈരാ​ഗ്യത്തിന്റെ പേരിലെന്ന് പൊലീസ്. കൊലപാതകം നടത്താന്‍ ഇവര്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍ നടത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് കൊടുമണില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഖിലിനെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ശരീരം കുഴിച്ചിടാനും ഇവര്‍ ശ്രമിച്ചിരുന്നു.

കൊലപാതകം പുറത്തുവരാതിരിക്കാനുള്ള മാര്‍​ഗവും ഇവര്‍ അന്വേഷിച്ചിരുന്നു. തലയിലേക്ക് കല്ലെടുത്ത് എറഞ്ഞതോടെ അഖില്‍ ബോധമറ്റ് വീണു. മരണം ഉറപ്പാക്കിയ ശേഷം മഴു കൊണ്ട് കഴുത്തില്‍ വെട്ടി. മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമാക്കഥ വിശ്വസിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതായി പൊലിസ് പറഞ്ഞു.

സുഹൃത്തുക്കളായ മൂവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇങ്ങനെ കളിക്കുന്നതിനിടെ കളിയാക്കിയതിലുള്ള വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥികളില്‍ നിന്നു ലഭിച്ച മൊഴി സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവര്‍ സുഹൃത്തുക്കളായിരുന്നു. ഇവരുടെ കൊടുക്കല്‍ വാങ്ങല്‍ സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, ചീറ്റിങ്ങ് ഉണ്ടായി… എന്നിങ്ങനെയൊക്കെ കുട്ടികള്‍ പറഞ്ഞെന്നാണ് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് – മിനി ദമ്ബതികളുടെ മകനാണ് എസ്.അഖില്‍. ഒമ്ബതാം ക്ലാസ് വരെ അഖിലിന്റെ ഒപ്പം പഠിച്ചിരുന്നവരാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖില്‍. അങ്ങാടിക്കല്‍ തെക്ക് എസ്‌എന്‍വി എച്ച്‌എസ് സ്കൂളിന് സമീപം കദളിവനം വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയ്ക്കു ക്രൂരമായ കൊലപാതകം ഉണ്ടായത്. രാവിലെ അഖിലിനെ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ സൈക്കിളില്‍ വിളിച്ച്‌ ഇറക്കിക്കൊണ്ടു പോകുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.