റോം: ഇറ്റലിയില്‍ കോവിഡ് 19 ബാധിച്ച്‌ മരിച്ചത് 142 ഡോക്ടര്‍മാര്‍ ആണ്. രാജ്യത്തെ മെഡിക്കല്‍ പ്രൊഫഷണല്‍ അസോസിയേഷനാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.ഇതുവരെ 1,83,957 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2,723 പേരാണ് ചൊവ്വാഴ്ച രോഗമുക്തി നേടിയത്. കോവിഡ് പ്രതികൂലമായി ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇറ്റലി. 24,648 പേര്‍ ഇവിടെ മരണപ്പെട്ടു.

അതേസമയം, കൊറോണവൈറസ് ബാധയെ നേരിടാന്‍ മുന്നണിയില്‍ നിന്നു പ്രവര്‍ത്തിക്കുമ്ബോഴും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു എന്നാണ് ഇറ്റലിയിലെ ഡോക്ടര്‍മാര്‍ക്ക് പരാതി. രോഗബാധ ഏറ്റവും രൂക്ഷമായ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍നിന്നാണ് പരാതികളും കൂടുതലായി ഉയരുന്നത്. പലപ്പോഴും അനിവാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ പോലുമില്ലാതെയാണ് ജോലി ചെയ്യേണ്ടി വരുന്നതെന്ന് ലൊംബാര്‍ഡിയിലെ ജനറല്‍ പ്രാക്റ്റീഷനേഴ്സ് യൂണിയന്‍ പറയുന്നു.

രോഗബാധ അതിരൂക്ഷമായിക്കഴിഞ്ഞാണ് പലയിടങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ എത്തിയത്. പിപിഇ കിറ്റുകളുടെ ക്ഷാമം രോഗബാധയുടെ തുടക്കം മുതല്‍ വ്യക്തമായിരുന്നിട്ടും ഇവ ആവശ്യത്തിനു ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.