ബെംഗളൂരു: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. വ്യാഴാഴ്‌ച മുതലാണ് ഇളവുകള്‍ നല്‍കുക. ഇതനുസരിച്ച്‌ ഏപ്രില്‍ 23 മുതല്‍ ഹോട്ടലുകളില്‍ നിന്നുള്ള പാഴ്‌സല്‍ സര്‍വീസ്, അവശ്യ വസ്തുക്കളുടെ ഓണ്‍ലൈന്‍ ഡെലിവറി, കൊറിയര്‍ സേവനങ്ങള്‍, സിമന്റ്, സ്റ്റീല്‍, ടൈലുകള്‍, ചുടുകട്ട എന്നിവയുടെ ഉത്പാദനം, ധാബകളുടെ പ്രവര്‍ത്തനം തുടങ്ങിയവയ്ക്കാണ് അനുമതി നല്‍കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ഇളവുകള്‍ നല്‍കുകയെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ മെയ് മൂന്നുവരെ അടഞ്ഞുകിടക്കും. ബസ് സര്‍വീസും അനുവദിക്കില്ല. മാളുകള്‍, തീയറ്ററുകള്‍ ബാറുകള്‍ എന്നിവയ്ക്കും ഇളവുകള്‍ ബാധകമല്ല.