പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച വിളയൂര്‍ സ്വദേശിയുടെ റൂട്ട്മാപ് ജില്ല ഭരണകൂടം പുറത്തുവിട്ടു. കോളജ് അടച്ചതോടെ, മാര്‍ച്ച് 19ന് വീട്ടിലെത്തിയ ഇദ്ദേഹം ഏപ്രില്‍ എട്ട് വരെ കൂരച്ചിപ്പടിയിലെ ഗ്രോസറി ഷോപ്, രണ്ട് ചിക്കന്‍ സ്റ്റാള്‍, വീടിനടുത്തുള്ള വായനശാല എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു. ഏപ്രില്‍ ഒമ്ബതിന് സ്വന്തം സ്കൂട്ടറില്‍ തിരുവേഗപ്പുറയിലെ എം.എസ് ക്ലിനിക്കിലേക്ക് അമ്മയോടൊപ്പം പോയി. ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു.
തുടര്‍ന്ന് തിരുവേഗപ്പുറയിലെ പെട്രോള്‍ പമ്ബില്‍ പോയി. പിന്നീട് കൂരാച്ചിപ്പടിയിലെ റേഷന്‍ കടയിലും കാനറ ബാങ്ക് എ.ടി.എമ്മിലും അടുത്തുള്ള ഫ്രൂട്ട് സ്റ്റാളിലും പോയി. 10, 11 തീയതികളില്‍ കൂരാച്ചിപ്പടിയിലെ ഗ്രോസറി ഷോപ്, ലൈബ്രറി, ബാര്‍ബര്‍ ഷോപ് എന്നിവ സന്ദര്‍ശിച്ചു. 12ന് ചെറിയതോതില്‍ പനിയും തലവേദനയും ആരംഭിച്ചു. 13ന് രാത്രി എട്ടിന് എടപ്പലത്തെ സ്വകാര്യ ക്ലിനിക്കില്‍ പോയി. അവിടത്തെ സ്റ്റാഫ് നഴ്സാണ് ഇയാളുടെ താപനില പരിശോധിച്ചത്. 15 മിനിറ്റോളം ആശുപത്രിയില്‍ ചെലവഴിച്ചു.
ഏപ്രില്‍ 16ന് രാത്രി 8.30ന് എടപ്പലത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ വീണ്ടും പോയി ലാബ് ടെസ്റ്റുകള്‍ ചെയ്തു. മരുന്ന് വാങ്ങി തിരിച്ചെത്തി. 45 മിനിറ്റോളം അവിടെ ചെലവഴിച്ചു. ഏപ്രില്‍ 17, 18 തീയതികളില്‍ വീട്ടില്‍ തന്നെയായിരുന്നു. ഒരുദിവസം ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയ അമ്മയെ കാണാന്‍ പോയി. സ്വന്തം ടൂവീലറിലായിരുന്നു യാത്ര. ഈ രണ്ടുദിവസവും ഇദ്ദേഹത്തിെന്റ സുഹൃത്തുക്കള്‍ വീട്ടിലെത്തിയിരുന്നു.
ഏപ്രില്‍ 19ന് രാവിലെ 8.30ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തി. രാത്രി ഒമ്ബത് മുതല്‍ 10.15 വരെ വീട്ടിലേക്ക് മടങ്ങി. അന്ന് തന്നെയാണ് ഇയാളുടെ അമ്മ മഞ്ചേരിയില്‍ മരിച്ചത്. അമ്മയുടെ പരിശോധനാഫലം നെഗറ്റിവായിരുന്നതിനാല്‍ രാത്രി മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. സംസ്കാരച്ചടങ്ങില്‍ പ്രത്യേക അനുമതിയോടെ യുവാവിനെ പങ്കെടുപ്പിച്ചു.
ആംബുലന്‍സില്‍ ഡ്രൈവര്‍ക്ക് ഒപ്പം സുരക്ഷ വസ്ത്രം ധരിച്ചാണ് എത്തിയത്. ഏകദേശം 50 പേര് ഈ സമയം ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. 10.15ന് വീണ്ടും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനക്കായി സ്രവം എടുത്തു. 20ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷനില്‍ നിരീക്ഷണം തുടര്‍ന്നു. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് 21ന് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ഹോട്ട്സ്പോട്ട് മേഖലയായി പ്രഖ്യാപിച്ച വിളയൂര്‍ പഞ്ചായത്തിലേക്കുള്ള പ്രവേശനവും അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും വിലക്കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച യുവാവ് ചികിത്സക്ക് പോയ എടപ്പലം, തിരുവേഗപ്പുറ ക്ലിനിക്കുകള്‍ അടച്ചു.
യുവാവിെന്റ പിതാവ് ജോലി ചെയ്യുന്ന കൊപ്പം സഹകരണ ബാങ്കിെന്റ നടുവട്ടം ശാഖ ഉള്‍പ്പെടെ ഏഴ് ശാഖകളും അടച്ചു. ബാങ്ക് ജീവനക്കാര്‍ ഞായറാഴ്ച കോവിഡ് ബാധിതനായ യുവാവിെന്റ അമ്മയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
യുവാവുമായി നേരിട്ട് സമ്ബര്‍ക്കത്തിലേര്‍പ്പെട്ട പിതാവ്, സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, മക്കള്‍, അമ്മയുടെ സഹോദരി, അടുത്ത സുഹൃത്ത്, വീട്ടിലെ സഹായി, അയല്‍ വീട്ടുകാര്‍, അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തിെന്റ ഡ്രൈവര്‍, മുടിവെട്ടിയ ബാര്‍ബര്‍, ഭക്ഷണം എത്തിച്ച അയല്‍വാസി തുടങ്ങി 13 പേരെ കൂടുതല്‍ പരിശോധനക്കായി ആരോഗ്യവകുപ്പ് ഒറ്റപ്പാലത്തേക്ക് കൊണ്ടുപോയി.
വിളയൂര്‍ കൂരാച്ചിപ്പടിയിലെ വിവിധ കടകളും ബാങ്കും യുവാവിെന്റ വീടും പെരിന്തല്‍മണ്ണ അഗ്നിശമന സേനയും ബാങ്കിെന്റ കൊപ്പം, നടുവട്ടം, തിരുവേഗപ്പുറ ശാഖകളും ഷൊര്‍ണൂര്‍ അഗ്നിശമനസേനയും അണുവിമുക്തമാക്കി.
ഇയാളുടെ വീട്ടില്‍ പല സമയങ്ങളിലായി വന്നുപോയ നൂറോളം പേരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. വീട്ടിലെത്തിയ വിളയൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് പുറമെ എടയൂര്‍, പുലാമന്തോള്‍ പഞ്ചായത്തുകളിലെ ബന്ധുക്കളും താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന പൊതുപ്രവര്‍ത്തകരും ക്വാറന്റീനിലാണ്.