ന്യൂഡല്‍ഹി: കോവിഡിനെതിരായ പ്രതിരോധത്തിനും രാജ്യത്തെ ആരോഗ്യ മേഖലയുടെ ഉന്നമനത്തിനുമായി 15,000 കോടി രൂപയുടെ പാക്കേജിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. മൂന്ന്​ ഘട്ടമായിട്ടാകും ഈ തുക ചെലവഴിക്കുകയെന്ന്​ കേന്ദ്ര മന്ത്രി പ്രകാശ്​ ജാവേദ്​കര്‍ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം പരിഗണിച്ച്‌ ദ്രുത പ്രതികരണത്തിനായി 7,774 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. അടുത്ത ഒന്നു മുതല്‍ നാലു വര്‍ഷത്തിനകം മിഷന്‍ മോഡ് രീതിയില്‍ ബാക്കി തുക നല്‍കും. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പരിശോധനാ സംവിധാനങ്ങളുടെ വികസനം, പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍, അവശ്യ ചികിത്സാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും കേന്ദ്രീകൃത സംവിധാനമൊരുക്കല്‍, ഭാവിയില്‍ ഉണ്ടായേക്കാവുന്ന വ്യാപനം തടയുന്നതിനായി കേന്ദ്ര- സംസ്ഥാന ആരോഗ്യ മേഖലകളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക എന്നിവയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

ലബോറട്ടറികള്‍, ജൈവ സുരക്ഷ എന്നിവ ഒരുക്കുക, മഹാമാരികളുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയും പാക്കേജി​ന്റെ കീഴില്‍ വരും. കേന്ദ്ര ആരോഗ്യ-കുടുംബ മന്ത്രാലയത്തി​ന്റെ കീഴിലാണ്​ ഈ പദ്ധതികള്‍ നടപ്പാക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന വിവിധ സംസ്​ഥാനങ്ങളിലെ ആരോഗ്യ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കോവിഡ്​ ആശുപത്രികളുടെ ചെലവിലേക്കുമായി​ തുക നല്‍കുമെന്നും മന്ത്രി പറഞ്ഞു.