വാര്‍ത്താസമ്മേളനത്തിന് പിന്നാലെ തനിക്ക് വധഭീഷണി ഉണ്ടായെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ പരാതി. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് എല്‍ദോസ് കുന്നപ്പള്ളി പരാതി നല്‍കിയത്.

ഇന്ന് വൈകിട്ട് നാല് മണിക്കാണ് എല്‍ദോസ് കുന്നപ്പിള്ളി വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിന് പിന്നാലെ 5.10 ഓടെ തന്റെ നമ്ബറിലേയ്ക്ക് 7669879271 എന്ന നമ്ബറില്‍ നിന്ന് ഭീഷണി സന്ദേശം വന്നുവെന്നാണ് എല്‍ദോസ് പരാതിയില്‍ പറയുന്നത്. തന്നെ വധിക്കും എന്നായിരുന്നു ഫോണ്‍ സന്ദേശത്തിന്റെ സാരം. ഫോണില്‍ സംസാരിച്ച വ്യക്തി ആരാണെന്ന് മനസിലായില്ലെന്നും എല്‍ദോസ് പരാതിയില്‍ പറയുന്നു.

സ്പ്രിംക്ലര്‍ വിവാദത്തില്‍ പുതിയ ആരോപണവുമായി എല്‍ദോസ് കുന്നപ്പിള്ളി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്പ്രിംക്ലര്‍ സിഇഒയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എല്‍ദോസ് ആരോപിച്ചത്. സ്പ്രിംക്ലര്‍ സിഇഒയുടെ ന്യൂജഴ്‌സിയിലെ വീട്ടില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയെന്നും എല്‍ദോസ് കുന്നപ്പിള്ളി ആരോപിച്ചു.