മലയാളത്തിലെ യൂത്ത് സൂപ്പര്‍സ്റ്റാര്‍ ആയ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിച്ച ചിത്രമാണ് വരനെ അവശ്യമുണ്ട്. ചിത്രം അടുത്തിടെ നെറ്റ്ഫ്ലിക്സില്‍ ഡിജിറ്റല്‍ പ്രീമിയര്‍ നടത്തി. മുംബൈ ആസ്ഥാനമായുള്ള ഒരു വനിതാ ജേണലിസ്റ്റ് ദുല്‍ഖറിനെ ട്വിറ്ററില്‍ ടാഗ് ചെയ്ത് പോസ്റ്റിടുകയുണ്ടായി.തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് പറഞ്ഞാണ് ടാഗ് ചെയ്തത്. യുവതിയുടെ അറിവോ സമ്മതമോ കൂടാതെയാണ് ചിത്രത്തില്‍ അവരുടെ ചിത്രം കാണിച്ചത്. ചേതന കപൂര്‍ എന്ന യുവതിയുടെ ചിത്രമാണ് സിനിമയില്‍ കാണിച്ചത്. ദുല്‍ഖറിന്‍റെ സിനിമയില്‍ അവരെ ബോഡി ഷേം ചെയ്തതായി ആരോപിക്കുകയും, നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

എന്നാല്‍ ദുല്‍ഖര്‍ ചേതനയുടെ ട്വീറ്റിന് ഉടനടി പ്രതികരിക്കുകയും അവരോട് പരസ്യമായി ട്വിറ്ററിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തു. സിനിമയില്‍ അവരുടെ ചിത്രങ്ങള്‍ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് സത്യന്‍ വ്യക്തിപരമായി വിളിച്ച്‌ മാപ്പ് ചോദിച്ചതിന് ശേഷം നിയമപരമായ വഴി സ്വീകരിക്കാനുള്ള ആശയം ഉപേക്ഷിച്ചതായി ദുല്‍ക്കറുടെ ക്ഷമാപണം അംഗീകരിച്ച ചേതന ട്വിറ്ററിലൂടെ പറഞ്ഞു.