ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം സംബന്ധിച്ച് നടത്തുന്ന ഫോണ്‍ സര്‍വേയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് 19 വ്യാപനത്തെയും ലക്ഷണങ്ങളേയും കുറിച്ച് പൗരന്മാരില് നിന്ന് പ്രതികരണം ശേഖരിക്കുന്നതിനായാണ് സര്‍വേ.
1921 എന്ന നമ്പറില്‍ നിന്നായിരിക്കും ഓരോരുത്തരുടേയും ഫോണിലേക്ക് വിളിയെത്തുക. സര്‍വേയില്‍ പങ്കെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ കാര്യ മന്ത്രാലയം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) ആണ് സര്‍വേ നടത്തുന്നത്.
കോവിഡ് 19 സംബന്ധിച്ചും അതിന്റെ വ്യാപനം സംബന്ധിച്ചും ജനങ്ങളില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനായാണ് വിളിക്കുന്നതെന്ന് എന്‍ഐസി വ്യക്തമാക്കി. ഇതിന്റെ മറവില്‍ മറ്റാരെങ്കിലും വ്യാജ നമ്പറുകളിലും മറ്റും വിളിക്കുന്നത് ജനങ്ങള്‍ ജാഗ്രതയോടെ കാണണമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.