ലോകത്ത് കൊവിഡ് 19 ബാധിച്ചുള്ള മരണങ്ങള്‍ രണ്ട് ലക്ഷത്തോട് അടുക്കുമ്ബോഴും മരണാസന്നരായ രോഗികളുടെ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ക്ക് കടുത്ത ക്ഷാമം. അമേരിക്കയും യൂറോപ്പിലെ സമ്ബന്ന രാജ്യങ്ങളും ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടാന്‍ സമ്ബന്ന രാജ്യങ്ങള്‍ ശ്രമിക്കുമ്ബോള്‍ ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളുടെ അവസ്ഥ അതി ദയനീയമായി തുടരുകയാണ്.

കൊവിഡ് 19 ലൂടെ ശ്വാസകോശത്തിനാണ് തകരാര്‍ സംഭവിക്കുന്നത്. അതിനാല്‍ ശ്വസിക്കാന്‍ വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടിവരും. അമേരിക്കയില്‍ ഏഴ് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 42000-ലേറെ പേര്‍ മരിക്കുകയും ചെയ്തു. യൂറോപ്പിലാണെങ്കില്‍ പത്തിലേറെ രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്. ഇവരെല്ലാം പരമാവധി വെന്‍റിലേറ്ററുകളും ഐ.സി.യുകളും ആശുപത്രികളിലെത്തിക്കാന്‍ മത്സരിക്കുകയാണ്.

അമേരിക്കയിലെ ആശുപത്രികള്‍ക്ക് അഞ്ച് ലക്ഷം വെന്‍റിലേറ്ററുകള്‍ കൂടി വേണമെന്നാണ് കണക്ക്. ഒന്നേകാല്‍ ലക്ഷത്തോളം രോഗികളുള്ള യുകെയില്‍ 20000-ലേറെ വെന്‍റിലേറ്ററുകളുടെ കുറവുണ്ട്. ഫ്രാന്‍സ് 10000 ശ്വസനസഹായികളും ഐ.സി.യു കിടക്കകളും അധികമായി നിര്‍മിക്കുകയാണ്.

അതേസമയം ആഫ്രിക്കയിലെ രാജ്യങ്ങളെല്ലാം നിസഹായാവസ്ഥയിലാണ്. ദാരിദ്ര്യവും ഒപ്പം ഭീകരാക്രമണങ്ങളും തകര്‍ത്ത ആശുപത്രികളാണേറെയും. സുഡാനില്‍ 1.2 കോടി ജനങ്ങളാണുള്ളത്. എന്നാല്‍ രാജ്യത്ത് ആകെയുള്ളത് നാല് വെന്‍റിലേറ്ററുകള്‍ മാത്രമാണ്. 24 തീവ്രപരിചരണ യൂണിറ്റുകളും. ബുര്‍കിന ഫസോയില്‍ 11 വെന്‍റിലേറ്ററുകളാണുള്ളത്. സിയറ ലിയോണില്‍ 13, സെന്‍ട്രല്‍ ആഫ്രിക്കയില്‍ മൂന്ന് എന്നിങ്ങനെയാണ് മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്ഥിതി.

ഇന്ത്യയിലും പരിമിതികളുണ്ട്. രോഗ വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ട്. ഇവിടെ വിവിധ ആശുപത്രികളിലായി 48,000 വെന്റിലേറ്ററുകളാണ് ഉള്ളതെന്നാണ് കണക്ക്. കൊവിഡ് വൈറസ് ബാധിക്കുന്നവരില്‍ ആറില്‍ ഒരാള്‍ക്ക് വെന്റിലേറ്ററിന്റെ പിന്തുണ വേണ്ടിവരുന്ന സാഹചര്യത്തില്‍ രോഗം വ്യാപിച്ചാല്‍ പ്രതിസന്ധിയാകും. ഇതിനിടെ 10,000 വെന്റിലേറ്ററുകള്‍ ചൈനയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. അതേസമയം വിലയാണ് വെല്ലുവിളിയാകുന്നത്. ഇവയുടെ വില ഏകദേശം 150,000 രൂപയാണ്.

പ്രതിസന്ധി മുന്നില്‍ കണ്ട് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വെന്റിലേറ്റര്‍ വികസിപ്പിക്കാനുള്ള നടപടികള്‍ക്ക് വാഹന നിര്‍മ്മാതാവായ മഹീന്ദ്രയടക്കം മുന്നോട്ട് വന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ശ്വസന സഹായി 7,500 രൂപയ്ക്ക് ലഭ്യമാക്കാനാകും. ഇത്തരത്തില്‍ അതിജീവിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.