കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകളില്‍ രോഗബാധിതര്‍ കൂടുന്നത് ആശങ്കയ്ക്ക് വകയൊരുക്കുന്നു. ചെന്നൈയില്‍ തമിഴ് ചാനലിലെ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ അമ്ബതോളം മാധ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

ചെന്നൈ കഴിഞ്ഞാല്‍ കോയമ്ബത്തൂര്‍,തിരുപ്പൂര്‍,തേനി,തിരുനല്‍വേലി എന്നിവടങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. ഇവയെല്ലാം കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണ്. ഈ സാഹചര്യത്തില്‍ അതിര്‍ത്തിജില്ലകളില്‍ പൊലീസ് കര്‍ശന നിരീക്ഷണവും പരിശോധനയുമാണ് നടത്തുന്നത്. അടിയന്തര മെഡിക്കല്‍ സഹായം അടക്കമുള്ള ആവശ്യങ്ങളുമായി വരുന്നവരെ മാത്രമാണ് കേരളഅതിര്‍ത്തിയിലൂടെ പ്രവേശിക്കാന്‍ അനുവദിക്കുന്നത്. ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലെ വനമേഖല വഴി ആളുകള്‍ സഞ്ചരിക്കുന്നത് തടയാന്‍ വനംവകുപ്പും പൊലീസും നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

കോയമ്ബത്തൂരില്‍ 134 പേര്‍ക്കും തിരുപ്പൂരില്‍ 109 പേര്‍ക്കുമാണ് കൊവിഡ്. ചെന്നൈയില്‍ ഇന്നലെ 58 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതര്‍ 1596 ആയി. പത്ത് ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ മാത്രം ഇരുന്നൂറോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തമിഴ് ദിനപത്രത്തിലെ ലേഖകന്‍ ആരോഗ്യസെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരം പങ്കെടുത്തിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്. അതേസമയം വാരാണസിയില്‍ നിന്ന് വെള്ളിയാഴ്ച മടങ്ങിയെത്തിയ 127 അംഗ തീര്‍ത്ഥാടക സംഘത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.