അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് ബാധിച്ച്‌ ഇന്ന് മാത്രം മരിച്ചത് 13 പേര്‍. പുതുതായി 112 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 2178 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 80 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 1329 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 44 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.പുതുതായി ആയിരത്തില്‍പ്പരം കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് രോഗികളുടെ എണ്ണം 18985 ആയി. ഇതില്‍ 15122 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 3260 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 603 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയതെന്നും കേന്ദ്ര് ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് കോവിഡ് മുക്തമാവുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 17.48 ശതമാനം പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇന്നലെ മാത്രം 705 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
അതിനിടെ രാജ്യത്ത് കൂടുതല്‍ ജില്ലകള്‍ കോവിഡ് മുക്തമാകുന്നു. 61 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

23 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 61 ജില്ലകളാണ് കോവിഡ് മുക്തമായത്. ലത്തൂര്‍, ഉസ്മാനാബാദ്,ഹിംഗോളി, മഹാരാഷ്ട്രയിലെ വാഷിം എന്നിവിടങ്ങളാണ് പുതുതായി കോവിഡ് മുക്തമായ ജില്ലകള്‍. നിലവില്‍ രാജ്യത്ത് 4,49,810 സാമ്ബിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. തിങ്കളാഴ്ച മാത്രം 35,852 കോവിഡ് സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ വ്യക്തമാക്കി.

അതിനിടെ, കോവിഡ് സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാനങ്ങളോട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ ചൈനീസ് നിര്‍മിത റാപ്പിഡ് കിറ്റുകള്‍ ഉപയോഗിച്ചുളള കൊറോണ പരിശോധനാഫലത്തില്‍ പിഴവുകള്‍ കടന്നുകൂടിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിര്‍ദേശം.

ഫലത്തിന്റെ കൃത്യതയില്‍ സംശയം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ടുദിവസം റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെയ്ക്കാനാണ് സംസ്ഥാനങ്ങളോട് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച്‌ ആവശ്യപ്പെട്ടത്.ഇവ പരിശോധനയ്ക്ക് വിധേയമാക്കും. വിദഗ്ധര്‍ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനകം സംസ്ഥാനങ്ങളെ തീരുമാനം അറിയിക്കുമെന്നും ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതുവരെ റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.