പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികളെയും സ്‌ക്രീന്‍ ചെയ്തു വരുന്നു. അതിഥി സംസ്ഥാന തൊഴിലാളികളെ ബോഡി ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. പരിശോധനയില്‍ പനിയും രോഗലക്ഷണവും കണ്ടെത്തുന്നവരെ ആശുപത്രിയില്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും.

ജില്ലയില്‍ അതിഥി സംസ്ഥാന തൊഴിലാളികളെ സ്‌ക്രീന്‍ ചെയ്യാന്‍ അഞ്ചു ടീമിനെയാണ് മേഖല തിരിച്ച്‌ നിയോഗിച്ചിരിക്കുന്നത്. ഇവര്‍ ദിവസവും അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെത്തി പരിശോധന നടത്തുന്നു. പരിശോധന നടത്തുന്ന ഒരു ടീമില്‍ ഡോക്ടര്‍ അടക്കം മൂന്നു പേരാണുള്ളത്.

പരിശോധനയ്ക്കു വിധേയരാകുന്ന അതിഥി സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ടീമിലുള്ളയാള്‍ തന്നെ ഡേറ്റാ എന്‍ട്രി നടത്തുന്നുണ്ട്. ഓരോ പരിശോധന ടീമും ദിവസവും 300 മുതല്‍ 500 അതിഥി സംസ്ഥാന തൊഴിലാളികളെ സ്‌ക്രീന്‍ ചെയ്തുവരുന്നു. ടീം നിലവില്‍ പരിശോധിച്ചവരുടെ തുടര്‍ പരിശോധനയും ഇടവേളകളില്‍ നടത്തി വരുന്നു.