ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ കനത്ത ഷെല്ലാക്രമണം നടത്തി പാകിസ്ഥാന്‍ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന സൈനിക പോസ്റ്റുകളിലും ഗ്രാമങ്ങളിലും പാകിസ്ഥാന്‍ സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തിയതായി പ്രതിരോധ വക്താവ് പറഞ്ഞു.

രാവിലെ 11.20 ഓടെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനത്തിന് തുടക്കമിട്ടത്. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയും കെര്‍ണി മേഖലയിലെ നിയന്ത്രണ രേഖയില്‍ മോര്‍ട്ടാറുകള്‍ ഉപയോഗിച്ച്‌ തീവ്രമായ ഷെല്ലാക്രമണം നടത്തുകയും ചെയ്യുകയായിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരില്‍ ഭീകരരുടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം ബാരാമുള്ളയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ബീഹാര്‍ സ്വദേശിയായ രാജീവ് ശര്‍മ്മ, മഹാരാഷ്ട്ര സ്വദേശിയായ ബുല്‍ദാന്‍, ഗുജറാത്ത് സ്വദേശിയായ സബാകാന്ത എന്നിവരാണ് വീരമൃത്യുവരിച്ചത്.