സാമൂഹ്യ മാധ്യമങ്ങളിൽ പ്രവാസികളെക്കുറിച്ചും പ്രവാസികൾ താമസിക്കുന്ന രാജ്യങ്ങളെക്കുറിച്ചും പ്രതേകിച്ചും അമേരിക്കയെക്കുറിച്ചും വരുന്ന പോസ്റ്ററുകളും പോസ്റ്റുകളും തമാശയല്ലാത്ത തമാശകളും കണ്ടു മനം മടുത്താണ് ഞാൻ ഇതു എഴുതുന്നത്. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം 15) അധ്യായം 11 മുതൽ 32 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മുടിയനായ പുത്രന്റെ ഉപമയുടെ പാരഡി ആയി എഴുതിയ കോവിഡിയനായ പുത്രന്റെ ഉപമ എന്ന കളിയാക്കുന്ന കഥ എന്നെ ഏറ്റവും അധികം വേദനിപ്പിച്ചു. അതു പോലെ വേറെ ഒരുപാടു കഥകളും കളിയാക്കലുകളും.

ഞാൻ 1951 ൽ കേരളത്തിൽ ജനിച്ച ഒരാളാണ്. ഞാൻ വളരുമ്പോഴത്തെ കേരളത്തെക്കുറിച്ച് ഇപ്പോഴത്തെ തലമുറയിലെ ആർക്കും ഒരു ഗ്രാഹ്യവും ഇല്ല. കാരണം, ഇപ്പോഴത്തെ കേരളത്തിലെ തലമുറ സുഭിക്ഷതയിൽ വളർന്നവരാണ്. അവരുടെ അറിവിന് വേണ്ടി ചില കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ.

ഞങ്ങൾ, എന്റെ പ്രായക്കാരും എനിക്ക് മുന്പുണ്ടായിരുന്നവരും വളർന്ന കേരളം ഒരു പാവപ്പെട്ട കേരളം ആയിരുന്നു. മിക്ക ആളുകൾക്കും ജോലി ഇല്ല. അവർക്കുള്ള വസ്തുവിൽ കൃഷി ചെയ്തു അതിൽ നിന്നു കിട്ടുന്ന ഫലം കൊണ്ട് ഉപജീവനം കഴിക്കുന്നവരായിരുന്നമിക്ക ആളുകളും. മിച്ചം ഉള്ളത് ചന്തയിൽ കൊടുത്തു കിട്ടുന്ന പണം കൊണ്ട് മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങിക്കും.
സ്വന്തമായി വസ്തു ഇല്ലാത്ത ഒത്തിരി പേരുണ്ടായിരുന്നു. അവർ മറ്റുള്ള ജന്മികളുടെ വസ്തു ഒറ്റിക്കൊ പാട്ടത്തിനോ എടുത്തു അതിൽ കൃഷി ചെയ്തു ഒരുഭാഗം ജന്മിക്കു കൊടുത്തിട്ടു ബാക്കി കൊണ്ട് ഉപജീവനം കഴിച്ചു വന്നു.

കുറേ ആളുകൾ കച്ചവടക്കാരായി. സാധാരണകടയിൽ ഇരുന്നുള്ള കച്ചവടം അല്ല. രാവിലെ ചേളാവും ത്രാസും ചാക്കും എടുത്തു ഓരോ വീട്കയറി ഇറങ്ങി കുരുമുളകും, പാക്കും തേങ്ങയും റബ്ബറും മറ്റും വാങ്ങി തലയിൽ ചുമന്നു കൊണ്ട് നാലഞ്ചു മൈൽ നടന്നു ദൂരെയുള്ള വലിയ ചന്തയിൽ കൊണ്ട് കൊടുത്തു അതിൽ നിന്ന്കിട്ടുന്ന ലാഭം കൊണ്ട് ഉപജീവനം നടത്തിയിരുന്നു. ചിലപ്പോൾ ലാഭത്തിനു പകരം നഷ്ടം വരികയും ചെയ്യും. ചിലർ വെളുപ്പിനെ ദൂരെയുള്ള മീൻകടയിൽ പോയി ഒരു കുട്ട നിറയെ മീൻ വാങ്ങി തലയിൽ ചുമന്നു കൊണ്ട് “മത്തി, മത്തി, നാലണക്ക് നൂറു മത്തി അയല അയല അരഅണ” എന്നു വിളിച്ചു കൊണ്ടു ഓരോ വീട്ടിലും വിറ്റ്അതിന്റെ ലാഭം കൊണ്ട് ഉപജീവനം നടത്തി.

ഓരോ വീട്ടിലും ഏഴും എട്ടും മക്കൾ ഉണ്ടായിരുന്നു. അവർക്കു ഉണ്ണാനും ഉടുക്കാനും കൊടുക്കണം. മിക്ക ആളുകൾക്കും ഒരു ജോഡി തുണിയില്ലാതെ വേറൊരു ജോഡി മാറുവാൻ ഇല്ലായിരുന്നു.
എട്ടാം ക്ലാസ്മുതൽ സ്കൂളിൽ ഫീസ്കൊടുക്കണം. ഒരുമാസം 6 രൂപാ ഫീസ് ആയിരുന്നു. ഈ 6 രൂപാ അന്നൊരു വല്യസംഖ്യാ ആകയാൽ അതു സമയത്തിനു കൊടുക്കുവാൻ സാധിക്കാതെ ഫൈൻ കൊടുത്തു പഠിച്ച ഒട്ടനേകം പേരുണ്ട്. ഒരു വിധത്തിൽ കഷ്ടപെട്ട് മക്കളെ ഹൈസ്കൂൾ പാസ്സാക്കിയ മാതാപിതാക്കൾക്ക് തങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും വല്യ ഫീസ്കൊടുത്തു കോളേജിൽ അയക്കാൻ കഴിയാതെ വിഷമിച്ചിരുന്നൊരു കാലം. ഹൈസ്കൂൾ പാസ്സ്ആയ ഇവർക്ക്ജോലി കൊടുക്കാൻ കഴിയാതിരുന്നൊരു കേരളം. ചിലർ വളരെ പലിശക്ക്കടം എടുത്തു മക്കളെ പ്രീ-ഡിഗ്രി കോഴ്സിന് വിട്ടു. പ്രീ-ഡിഗ്രീ പാസ്ആയിട്ടും ജോലി കിട്ടാതെ വിഷമിക്കുന്ന ഒരു വിദ്യാർത്ഥി- വിദ്യാർത്ഥിനി സമൂഹം. അവരുടെയും അവരുടെ മാതാപിതാക്കളുടെയുംവേദനയെക്കുറിച്ചു പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകില്ല.

അങ്ങനെ വിക്ഷമിക്കുമ്പോൾ ആൺ മക്കൾ ആർമി, എയർഫോഴ്സ്മുതലായവയിൽ ചേർന്നു. അവിടേയും കേറിപ്പറ്റുക എളുപ്പമായകാര്യം അല്ലായിരുന്നു. പെൺമക്കൾ നഴ്സിംഗും ചേർന്നു. അക്കാലത്തു നേഴ്സിങ്ങിന് പോകുക എന്നത് ഏറ്റവും നാണം കെട്ടകാര്യം ആയിരുന്നു. അൽപം സാമ്പത്തികശേഷി ഉള്ള വീടുകളിൽ നിന്നും നേഴ്സിങ്ങിന് വിടാൻ മാതാപിതാക്കൾ വിസമ്മതിച്ചു. ഒരുഗതിയും ഇല്ലാത്ത വീടുകളിൽ നിന്ന്പെൺമക്കൾ നേഴ്സിങ്ങിന് പോയി.

ഒരു നിമിഷം ചിന്തിക്കുക. 16ഉം 17 ഉം വയസ്സു മാത്രം പ്രായം ഉള്ള ആൺമക്കളും പെൺമക്കളും ആണ് ഓരോ വീട്ടിൽ നിന്നും മിലിട്ടറിയിലും നഴ്സിംഗിനും അവരറിയാത്ത ദൂരദേശങ്ങളിലേക്കുപോയിട്ടുള്ളത്. അവർ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടും പ്രയാസങ്ങളും, നിന്ദയും പരിഹാസങ്ങളും
പറഞ്ഞറിയിക്കുന്നതിലും അതീതമാണ്. ഒരു വിധത്തിൽ അവരതിനെ എല്ലാം തരണം ചെയ്തു. അവർക്കു കിട്ടിയ ചുരുങ്ങിയ ശമ്പളത്തിൽ ഒരുനല്ല ഭാഗം വീട്ടിലേക്കു അയച്ചു കൊടുത്തു. അങ്ങനെ ഓരോവീടിന്റെയും സാഹചര്യം ഉയർത്തി. അനിയത്തിമാരെയുംആങ്ങളമാരെയും കോളേജിൽ അയക്കാൻ സാധിച്ചു.

അങ്ങനെ ഇരിക്കുമ്പോഴാണ് വിദേശരാജ്യങ്ങളിൽ പോകുവാൻ സാധാരണക്കാർക്കുഅവസരം ഒത്തു വന്നത്. ഗൾഫ് രാജ്യങ്ങളിലേക്ക് ഒത്തിരി തൊഴിൽ അവസരങ്ങൾ വന്നു. അവിടെ ബോസ് ആകാനൊന്നും അല്ല ചാൻസ് കിട്ടിയത്. മിക്ക ആളുകൾക്കും കഠിന അധ്വാനം ചെയ്യണ്ട ജോലികൾ അത്രേ ലഭിച്ചത്.

നേഴ്സസിനും വിദേശങ്ങളിലേക്ക് അവസരം ലഭിച്ചു. 1970നോട് അടുത്ത് അമേരിക്കയിൽ വരുവാനും സാധിച്ചു. ഈ ഇമ്മിഗ്രേഷൻ 1976 മാർച്ച് വരെ നീണ്ടു നിന്നു. നമ്മുടെ അനവധി നേഴ്സസുമാർക്ക് അമേരിക്കയിൽ വരാൻ സാധിച്ചു. ആദ്യ കാലങ്ങളിൽ വന്നവരുടെ പ്രതികൂലങ്ങളും പ്രയാസങ്ങളും പറഞ്ഞറിയിക്കാൻ തന്നെ പ്രയാസമാണ്. അപ്പോൾ ഒക്കെയും അവർക്കു വലിയ വലിയ ആഗ്രഹങ്ങൾ വീടിനെകുറിച്ചുണ്ടായിരുന്നു. അപ്പനും അമ്മയ്ക്കും സഹോദരി സഹോദരൻമാർക്കുംനല്ല ഒരു വീടുവച്ചു കൊടുക്കണം. അനിയത്തിമാരെയുംആങ്ങളമാരെയും കോളേജിൽ പഠിപ്പിക്കണം. പള്ളിക്കു സംഭാവനകൊടുക്കണം. അങ്ങനെ അനേകം അനേകം ആഗ്രഹങ്ങൾ. മിക്കവരും അതിനിടയിൽ വിവാഹിതരായി 5 കൊല്ലം കഴിഞ്ഞപ്പോൾ അവരൊക്ക അമേരിക്കൻ പൗരത്വം നേടി. അപ്പോൾ മേൽപറഞ്ഞ എല്ലാവർക്കും വേണ്ടി പെറ്റീഷൻ ഫയൽ ചെയ്തു അവരെ അമേരിക്കയിൽ കൊണ്ടു വന്നു.

അങ്ങനെ വന്ന സഹോദരി സഹോദരമാരും മറ്റും അമേരിക്കയിൽ ആദ്യകാലം വന്നവർ അനുഭവിച്ച പ്രയാസത്തെകുറിച്ച് യാതൊരു അറിവും ഇല്ലാത്തവരായി. അമേരിക്കയിൽ വരാത്ത സഹോദരി സഹോദരമാർക്കും മാതാപിതാൾക്കും ധാരാളം പണം അയച്ചു കൊടുത്തു. ഈപണം കൊണ്ട് വർന്ന സഹോദരി സഹോദരൻമാർക്കുംഅവരുടെ മക്കൾക്കും കേരളത്തിലെ പട്ടിണികാലത്തെകുറിച്ചോ, തൊഴിലില്ലായ്മയെകുറിച്ചോ ഒരറിവും ഇല്ലാത്തവരായി സുഭിക്ഷതയിൽ വളർന്നു. അങ്ങനെ ഉള്ളവരാണ്അമേരിക്കയെ പരിഹസിക്കുന്നത്. ആദ്യ കാലത്തെ ആളുകൾക്ക് അപ്പന്റെ വീട്ടിൽ സുഭിക്ഷതയോ, അവരെ സ്വീകരിക്കാൻ മിക്ക മാതാപിതാക്കളോ ഇന്ന്ജീവിച്ചിരിപ്പില്ല

പിന്നെ ഇതെഴുതിയ മഹാൻ പറഞ്ഞതുപോലെ അമേരിക്കയിൽ ഇന്നു വരെ പട്ടിണി ഒന്നുമില്ല. കടകളിൽ എല്ലാസാധങ്ങളും ലഭ്യമാണ്. ഉദ്ദേശിച്ചതിൽ അധികം ആളുകൾക്ക്covid 19 ബാധിച്ചു എന്നത് ശരിയാണ്. ഈ സമയത്തു പോലും അമേരിക്കൻ ഗവണ്മെന്റ്29 ലക്ഷം ഡോളർ ഇൻഡ്യക്കു covid പ്രതിരോധത്തിനു അനുവദിച്ചു.. അമേരിക്കൻ ഗവണ്മെന്റ്ഓരോ കുടുംബത്തിനും 2400 ഡോളർ വച്ച്കൊടുത്തു. കുട്ടികൾ ഉള്ളവർക്ക് 500 ഡോളർ വച്ച്അധികവും കൊടുത്തു. ദൈവകൃപയാൽ പാരസിറ്റമോൾ കഴിച്ചു വയറു നിറക്കണ്ട ഗതികേട്ഇതുവരെ അമേരിക്കയിൽ ആർക്കും ഉണ്ടായിട്ടില്ല.

ഒരുകാര്യം കൂടെ ഓർക്കുക. കേരളത്തിലെ ഇപ്പോഴത്തെ സാമ്പത്തിക സുഭിക്ഷതക്ക്കാരണംപ്രവാസികൾ ആണ്. അവർ നിർലോഭം അയക്കുന്ന ഡോളറും മറ്റു വിദേശ നാണയങ്ങളും കൊണ്ട്സമൃദ്ധി നേടിയ കേരളം. ഒരു ഇൻഡസ്ട്രയോ, തൊഴിലവസരങ്ങളോഇല്ലാത്ത കേരളം. ഞങ്ങളുടെ ചെറുപ്പകാലത്തുണ്ടായിരുന്ന FACT, KELTRON തുടങ്ങി അനവധി ഇൻഡസ്ട്രീസ് നശിപ്പിച്ച കേരളം. ഞങ്ങൾക്കാർക്കും ഒരു ജോലി തരാൻ കഴിയാതെ ഇരുന്ന കേരളം. മിക്കവർക്കും തിരികെ വരാൻ യാതൊരു ആഗ്രഹവും ഇല്ല. തിരികെ വന്നാൽ എങ്ങനെയാണ് ഞങ്ങളോട് ഇടപെടുന്നതെന്നും നല്ല പോലെ അറിയാം.

ഏപ്രിൽ 8 നു എന്റെ പ്രിയപ്പെട്ട ഭാര്യ മേരിക്കുട്ടി തോമസ് (ലീലാമ്മ) ഈ ലോകത്തോട് യാത്ര പറഞ്ഞു. ഒരു സെക്കൻഡ്പോലുംഞാൻ ചിന്തിക്കുന്നില്ല കേരളത്തിൽ ആയിരുന്നെങ്കിൽ ലീലാമ്മ മരിക്കില്ലായിരുന്നെന്ന്. അത്ര വലിയ ചികിൽസ സൗകര്യം ഉള്ള സ്ഥലം കേരളവും ഇൻഡ്യയും ആണെങ്കിൽ എന്തിനു പിണറായി വിജയനും, കോടിയേരിയും ഉമ്മൻ ചാണ്ടിയും സോണിയ ഗാന്ധിയും മറ്റു പലരും അമേരിക്കയിൽ ചികിത്സക്ക്വന്നു. ഷൈലജ ടീച്ചറിൻറെ പ്രഗല്ഭമായ ചികിത്സ നടത്തിയാൽ പോരായിരുന്നോ?

എന്റെ പ്രവാസി മലയാളികളോട്എനിക്കൊരു അപേക്ഷയുണ്ട്. കോവിഡിയനായ പുത്രന്റെ ഉപമ പോലെ നമ്മളെ കളിയാക്കുന്ന പോസ്റ്റിംഗ്സ് ദയവായി forward ചെയ്യരുത്. നിങ്ങളിൽ പലർക്കും ഞങ്ങളുടെ വേദന അറിയില്ല. കാരണം നിങ്ങൾ വന്നതു ചേട്ടന്റെയും ചേച്ചിയുടെയും സൗകര്യപ്രദമായ വീടുകളിലേക്കാണ്. ഞങ്ങൾ കേരളം വിട്ട സാഹചര്യത്തിൽ അല്ല. ഞങ്ങൾ ഇവിടെ വന്ന സാഹചര്യത്തിലും അല്ല. ഞങ്ങളെ വെറുതെ വേദനിപ്പിക്കരുതേ!