ഖത്തറില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ ചെയ്തിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയ നാളെ മുതല്‍ ഭാഗികമായി തുറക്കും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒന്ന് മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍ വരുന്ന ബുധനാഴ്ച്ച മുതല്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്‍റ് വക്താവ് ലുല്‍വ അല്‍ ഖാതിറാണ് അറിയിച്ചത്. ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലെ ചില തൊഴിലാളികളില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള ഗതാഗത മാര്‍ഗങ്ങളെല്ലാം മൂന്നാഴ്ചയോളമായി അടച്ചിട്ടിരിക്കുകയാണ്.

തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയ ശേഷം അവശേഷിക്കുന്ന സ്ട്രീറ്റുകളും തുറക്കും. ഭാഗികമായി സ്ട്രീറ്റുകള്‍ തുറക്കുന്നതിനായി 6,500 ഓളം തൊഴിലാളികളെയാണ് ഇവിടെ നിന്ന് പുറത്തെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഇവരില്‍ വീണ്ടും പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കും. കൂടുതല്‍ പേരില്‍ പരിശോധന നടത്തുന്നു എന്നതാണ് ദിനംപ്രതിയുള്ള രോഗസംഖ്യ ഉയരാനുള്ള കാരണങ്ങളില്‍ ഒന്ന്. രോഗബാധിതരെ ട്രാക്ക് ചെയ്യുന്നതിലുള്ള കാര്യക്ഷമതയും പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ആരോഗ്യ സംവിധാനത്തിന്റെ കഴിവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. പ്രൊ-ആക്ടീവ് പരിശോധനകളിലൂടെ രോഗബാധിതരെ കൃത്യമായി കണ്ടെത്താന്‍ കഴിയുന്നുണ്ട്. കോവിഡ് സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ രാജ്യത്തിന്റെ ആരോഗ്യമേഖല സുശക്തമാണ്.

അതേസമയം, ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണമുള്‍പ്പെടെയുള്ള സഹായങ്ങള്‍ തുടര്‍ന്നുമുണ്ടാകുമെന്നും ലുല്‍വ അല്‍ ഖാതിര്‍ വ്യക്തമാക്കി. ഖത്തറിലെ കോവിഡ് രോഗാവസ്ഥയില്‍ ആശങ്കിക്കാനില്ലെന്നും മറ്റ് അറബ് രാജ്യങ്ങളെ അപേക്ഷിച്ച്‌ മരണനിരക്കും പകര്‍ച്ചയുടെ തോതിലും ഖത്തര്‍ വളരെ പിറകിലാണെന്നും ലുല്‍വ അല്‍ ഖാതിര്‍ അറിയിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്നത് ആകെ ഒരു ശതമാനം രോഗികള്‍ മാത്രമാണ്. സാമൂഹ്യവ്യാപനം 26 ശതമാനം മാത്രമാണെന്നും അവര്‍ അറിയിച്ചു.