കുവൈറ്റ്: കുവൈറ്റില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം. കര്‍ഫ്യൂ സമയം പതിനാറ് മണിക്കൂറായി വര്‍ദ്ധിപ്പിച്ചു. വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് മണി വരെയാണ് പുതിയ കര്‍ഫ്യൂ സമയം. നിലവില്‍ വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറ് വരയായിരുന്നു കര്‍ഫ്യൂ. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ആണ് മന്ത്രിസഭയുടെ തീരുമാനം. റംസാന്‍ മാസം കഴിയുന്നതുവരെ പൊതുഅവധി നീട്ടാനും തീരുമാനമായി.

വിദേശത്ത് കഴിയുന്ന സ്വദേശികളെ തിരിച്ചെത്തിച്ച ശേഷം കുവൈത്തില്‍ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച്‌ പഠിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് വ്യക്തമാക്കി. മെയ് ഏഴോടെ വിദേശത്തുള്ള മുഴുവന്‍ സ്വദേശികളെയും തിരിച്ചെത്തിക്കുകയാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്.

അതേസമയം, പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ട ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചു. പാസ്‌പോര്‍ട്ട് ഉണ്ടങ്കിലും വിസ കാലാവധി അവസാനിച്ച അയ്യായിരത്തോളം ആളുകള്‍ ഇതുവരെ അവസരം പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. പൊതുമാപ്പ് ഉപയോഗിക്കുന്നവരെ കുവൈത്ത് സര്‍ക്കാര്‍ സൗജന്യമായി നാട്ടിലെത്തിക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുകൂല തീരുമാനം അറിയിച്ചിട്ടില്ല. പൊതുമാപ്പ് ഉപയോഗിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.