തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ കര്‍ശനമായി പരിശോധന നടത്തും. കാട്ടുപാതകളിലും ഇടവഴിയിലും വാഹനപരിശോധന കര്‍ശനമാക്കും. ഇരട്ട അക്ക നമ്ബറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കാണ് ഇന്ന് നിരത്തിലിറങ്ങാന്‍ അനുമതി. ഹോട്ട്സ്പോട്ട് ഒഴികെ ഉള്ള സ്ഥലങ്ങളിലാണ് അനുമതിയുള്ളത്.

ഇന്നലെ കൂട്ടത്തോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയത് കണക്കിലെടുത്ത് പൊലീസ് ഇന്ന് കൂടുതല്‍ കര്‍ശനമായി പരിശോധന നടത്തും. അതേസമയം, കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തിയതായി ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. ഗ്രീന്‍സോണ്‍ ജില്ലകളായ കോട്ടയത്തും ഇടുക്കിയിലും ഓട്ടോ ടാക്സി സര്‍വീസുകള്‍ക്ക് അനുമതിയില്ല. ജ്വല്ലറികളും തുണിക്കടകളും തുറക്കാന്‍ പാടില്ല. തിരുവനന്തപുരത്തും പാലക്കാടും നഗരാതിര്‍ത്തികള്‍ അടച്ചിടും. ആറ് അതിര്‍ത്തി പ്രദേശങ്ങളിലൂടെ മാത്രമേ തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിയുടെ ആവശ്യത്തിനായി സമീപ ജില്ലകളില്‍ പോകാന്‍ അനുമതിയുണ്ട്. കണ്ണൂരില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ ആണ് തീരുമാനം. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്റെന്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കാസര്‍കോട് മാതൃകയില്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനത്തില്‍ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തി.