ന്യൂയോര്‍ക്ക്: കോവിഡ് 19 ന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ഭീകരചിത്രം വെളിപ്പെടുത്തി മിത്രാസ് രാജന്റെയും ഷിറാസിന്റെയും യുട്യൂബ് വീഡിയോ. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിസാന്നിധ്യമാണ് മിത്രാസിന്റേത്. കലാസാംസ്‌ക്കാരിക രംഗങ്ങളില്‍ മിത്രാസ് അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ മിത്രാസ് തൃശൂര്‍ സ്വദേശികളാണ്.

ന്യൂയോര്‍ക്കില്‍ ഉടനീളം കോവിഡ് പിടിയമര്‍ത്തിയപ്പോഴാണ് ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതെന്നു രാജനും ഷിറാസും പറയുന്നു. തുടര്‍ന്നു ആശുപത്രിയോടു ചേര്‍ന്നുള്ള ടെസ്റ്റിങ് സെന്ററിലെത്തുകയായിരുന്നു. കോവിഡ് 19- പോസിറ്റിവായതിനെത്തുടര്‍ന്നു ക്വാറന്റൈനിലാവുകയും ചികിത്സ പൂര്‍ത്തിയാക്കി ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത ഭീകരനിമിഷങ്ങളാണ് മിത്രാസ് തങ്ങളുടെ വീഡിയോയിലൂടെ പങ്കിടുന്നത്. ന്യൂയോര്‍ക്കില്‍ നിരവധി മലയാളികള്‍ കോവിഡ് ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അത്തരക്കാര്‍ക്കു ശുഭാപ്തിവിശ്വാസം പകരുകയെന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വീട്ടില്‍ പ്രായമായ അമ്മയും പ്രായം കുറഞ്ഞ കുട്ടിയും ഒക്കെയുണ്ടായിരുന്നിട്ടും എല്ലാവരും തന്നെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് ജീവിതം നിലനിര്‍ത്താനായത്. ഇതിനു വേണ്ടി യത്‌നിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറയുകയാണ്.