വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ വൈറസ് സര്‍വനാശം വിതച്ചതോടെ ചൈനക്കെതിരെ പടയൊരുക്കം ശക്തമാകുന്നു. ചൈനയെ പ്രതിക്കൂട്ടിലാക്കി അമേരിക്ക നേരത്തെ തന്നെ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ജര്‍മനിയും ഓസ്‌ട്രേലിയയും പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയിലേക്ക് വിദഗ്ധാന്വേഷണ സംഘത്തെ അയക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതിനു പിന്നാലെ ജര്‍മനിയും ഓസ്‌ട്രേലിയയും ചൈനക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ ചൈന ഏറെക്കുറെ ഒറ്റപ്പെട്ടു കഴിഞ്ഞു. ചൈനയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് ജര്‍മനിയുടെ തീരുമാനം. എന്നാല്‍ അമേരിക്കയോട് സമാനമായി അന്വേഷണത്തിനാണ് ഓസ്‌ട്രേലിയയും ആവശ്യപ്പെട്ടിരിക്കുന്നത്.

ജര്‍മനിയിലെ പ്രമുഖ ദിനപത്രമായ ബില്‍ഡാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജര്‍മനിക്ക് ചൈന 162 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ബില്‍ഡ് ആവശ്യപ്പെട്ടിരിരിക്കുന്നത്. ജര്‍മനിയുടെ ജിഡിപി 4.2 ശതമാനം തകര്‍ന്നത് ചൈന കാരണമാണെന്നും ഇവര്‍ ആരോപിക്കുന്നു. ഓസ്‌ട്രേലിയ ചൈനയുടെ സുതാര്യതയെ ചോദ്യം ചെയ്തതിനൊപ്പം അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.