ലോക്ക് ഡൗണിന് കേരളം നല്‍കിയ ഇളവുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി. എല്ലാസാഹചര്യവും പരിഗണിച്ചാണ് നേരിയ ഇളവുകള്‍ അനുവദിച്ചത്. വാഹനപരിശോധന കര്‍ശനമായി തുടരും. യാത്രാവഴികള്‍ തുറന്നാല്‍ രോഗമേഖലകളില്‍ നിന്ന് ഒരുപാടുപേര്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇളവുകളില്‍ പുനഃക്രമീകരണം:

*ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള അനുമതി പിന്‍വലിച്ചു

*സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജില്ല കടന്ന് യാത്ര ചെയ്യാം

*സ്റ്റാംപ് വെണ്ടര്‍മാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം ഓഫിസ് തുറക്കാം

*കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി

*പ്രവാസികള്‍ കേന്ദ്രാനുമതിവരെ കാത്തിരിക്കണം

ലോക്ക് ഡൌണ്‍ ഇളവുകള്‍ സംബന്ധിച്ച്‌ കേന്ദ്രം ഉന്നയിച്ച ആക്ഷേപങ്ങളില്‍ വ്യക്തത വരുത്തണമെന്ന് മുഖ്യമന്ത്രി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഡി.ജി.പിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി. ഇളവുകളില്‍ വ്യക്തതയും ആവശ്യമെങ്കില്‍ തിരുത്തലും നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി ഇടപെട്ടതോടെ സംസ്ഥാനം പ്രഖ്യാപിച്ച ചില ഇളവുകളില്‍ തിരുത്തല്‍ വരുത്തി. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും റസ്റ്ററന്‍ഡുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുമുള്ള അനുമതി പിന്‍വലിച്ചു. ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി മുടിവെട്ടാം. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കും. കേന്ദ്രം രൂക്ഷ വിമര്‍ശനം ഉന്നയിച്ച മറ്റ് വിഷയങ്ങളില്‍ ഇളവിന് അഭ്യര്‍ഥന നടത്തുമെന്ന് ചീഫ് സെക്രട്ടറി

ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളാണ് ഇളവുകളുടെ ആദ്യദിനത്തില്‍ തന്നെ നിയന്ത്രണങ്ങള്‍ കൈവിട്ടു പോകാന്‍ കാരണം. ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമാണ് ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചത്. കലക്ടര്‍മാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും അറിയിക്കാനും വൈകി. ഇളവുകള്‍ നടപ്പാക്കുന്ന തിയതി സംബന്ധിച്ചും ഉത്തരവില്‍ ആശയക്കുഴപ്പം നിലനിന്നു. ഉത്തരവുകള്‍ പുറത്തിറക്കിയതിലെ ഏകോപനക്കുറവ് സര്‍ക്കാരും സമ്മതിച്ചു.