അബൂദാബി : കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എ.ഇ.യിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും സന്നദ്ധ സംഘടനകള്‍ക്ക് വീണ്ടും സഹായവുമായി എത്തിയിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി.

കോവിഡ് പ്രതിസന്ധി മൂലം ജോലിയില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ഇന്ത്യന്‍ അസോസിയേഷന്‍ റാസല്‍ ഖൈമ, ഇന്ത്യന്‍ അസോസിയേഷന്‍ ഉമ്മുല്‍ ഖുവൈന്‍, കെ.എം.സി.സി. ഷാര്‍ജ, കേരള സോഷ്യല്‍ സെന്‍റര്‍ അബൂദബി, ഐ.എം.സി.സി. ഷാര്‍ജ, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ യു.എ.ഇ തുടങ്ങിയ കൂട്ടായ്​മകള്‍ക്ക് യൂസഫലി ധനസഹായം നല്‍കിയത്.

നേരത്തെ ദുബായ് കെഎംസിസി, അബുദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്റര്‍, ഇന്‍ കാസ് ദുബായ് മുതലായവര്‍ക്ക് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യൂസഫലി ധനസഹായം നല്‍കിയിരുന്നു. ബഹറൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും യൂസഫലി ഇതിനകം ധനസഹായം നല്‍കിയിട്ടുണ്ട്.